/sathyam/media/post_attachments/QvijfbxrdQ2zpkkMh5X6.jpg)
കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ ആഴ്ചയിൽ ചില ദിവസങ്ങളിൽ കൂടി മഴ തുടർന്നേക്കുമെന്ന് സൂചന. താപനിലയിലും കുറവുണ്ടാകും. ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ഡിസംബർ അവസാന വാരത്തോടെ രാജ്യം കൂടുതൽ ശൈത്യകാലഘട്ടത്തിലേക്ക് കടക്കും.
ഇനിയുള്ള ദിവസങ്ങളിൽ താപനിലയിൽ തുടർച്ചയായ കുറവുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. രാത്രിയിൽ താപനില വലിയ രീതിയിൽ താഴാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ച മുതൽ രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴലഭിച്ചു.
പുലർച്ച അഞ്ചിന് തുടങ്ങിയ മഴ മണിക്കൂറുകൾ നീണ്ടുനിന്നു. ഇടിയും മിന്നലോടെയുമുള്ള മഴ രാവിലെ ജോലിക്കും വിദ്യാലയങ്ങളിലേക്കും പോകുന്നവർക്ക് പ്രയാസം തീർത്തു. റോഡിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
മഴയിൽ വെള്ളക്കെട്ടിനു സാധ്യതയും ദൂരക്കാഴ്ച കുറവുമാകുമെന്നതിനാൽ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യത്തിലും ഉടനടി പ്രതികരിക്കാൻ സുരക്ഷ സ്ഥാപനങ്ങൾ അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യത്തിൽ സഹായത്തിന് 112 എന്ന നമ്പറിൽ വിളിക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.