ഡൽഹി : ചില ജീവിതങ്ങൾ അങ്ങനെയാണ് ചലച്ചിത്രത്തെക്കാളും തെളിച്ചമുള്ള കഥകളായി നമുക്കിടയിൽ ജീവിക്കും. അത്തരമൊരു ജീവിതത്തിന്റെ കഥയാണ് ലത കരെ എന്ന വീട്ടമ്മ പറഞ്ഞത്. ദേശീയ ചലച്ചിത്ര പുരസ്ക്കാര വേദിയിൽ ഏറെ ശ്രദ്ധേയയായതും ഈ 68 കാരി തന്നെ.
മഹാരാഷ്‌ട്രയിലെ ബാരാമതിയാണ് ലതയുടെ സ്വദേശം. ഭർത്താവിന്റെ ഹൃദയത്തിന് തകരാറാണ്. ഭക്ഷണത്തിനുപോലും വകയില്ലാത്ത അവസ്ഥയിൽ ഭർത്താവിനെ എങ്ങനെ ചികിത്സിക്കാൻ? മകന് സ്ഥിരവരുമാനവുമില്ല. ഭർത്താവിന് എം.എർ.ഐ. സ്കാൻ വേണമെന്ന് ഡോക്ടർ പലവട്ടം പറഞ്ഞിട്ടും ലത നിസ്സഹായയായി.
ആ അവസ്ഥയിൽ കൂട്ടുകാരി ഗൗരിയാണ് മാരത്തൺ ഓട്ടമത്സരത്തിന്റെ കാര്യം ലതയോട് പറയുന്നത്. ജയിച്ചാൽ അയ്യായിരം രൂപ കിട്ടും. മുതിർന്ന പൗരൻമാരുടെ വിഭാഗത്തിലാണ് ഓടേണ്ടത്. അങ്ങനെ 2014-ൽ ആദ്യ മാരത്തൺ. മൂന്നു കിലോമീറ്ററായിരുന്നു ദൂരം. റണ്ണിങ് ഷൂ ഇല്ല. റണ്ണിങ് ഷോർട്‌സോ ട്രാക്ക് പാന്റോ ഇല്ല.
വിയർപ്പ് വലിച്ചെടുക്കുന്ന ഉൾവസ്ത്രങ്ങളില്ല. നഗ്നപാദയായി കോട്ടൺ സാരിയുടുത്ത് ഓടി. ‘ ഭർത്താവിന്റെ മുഖം മനസ്സിൽ ധ്യാനിച്ച് ഓടി. ഈശ്വരാധീനം കൊണ്ട് അതു നേടി ‘ ആ വിജയത്തെ കുറിച്ച് ചോദിച്ചാൽ ലത പറയുന്നത് ഇത്ര മാത്രം.
നവീന്‍ ദേശ്ബൈനയാണ് ലതയുടെ ആ ജീവിതം സിനിമയാക്കിയത്. ദേശീയ അവാർഡ് വാങ്ങാൻ പടവുകളിൽ തൊട്ടു വണങ്ങി കയറുമ്പോൾ ആ കണ്ണുകളിൽ അഭിമാനത്തിന്റെ നീർത്തിളക്കമുണ്ടായിരുന്നു.