തിരക്ക് പിടിച്ച കരിയറിലും കുടുംബത്തെ കൂടി ഒപ്പം കൊണ്ടുപോവുന്നതിൽ ഏറെ ഭാഗ്യം ചെയ്തയാളാണ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. റൊണാള്‍ഡോയുടെ പങ്കാളിയായ ജോര്‍ജിന റോഡ്രിഗസ് എല്ലായ്‌പോഴും ശക്തമായ പിന്തുണയായി റൊണാള്‍ഡോയ്‌ക്കൊപ്പം നില്‍ക്കാറുണ്ടെന്നും, താരത്തിന്റെ കരിയറിലെ വിജയങ്ങളിലെല്ലാം ജോര്‍ജിനയ്ക്കും കൃത്യമായ പങ്കുണ്ടെന്നുമാണ് ആരാധകര്‍ പറയാറുള്ളത്.
ഇപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ജീവിതത്തിൽ വീണ്ടും ഒരു ഇരട്ട നേട്ടത്തിനൊരുങ്ങുകയാണ്. ഇരട്ട കുട്ടികളുടെ അച്ഛനാകാനൊരുങ്ങുന്ന സന്തോഷം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. റൊണാള്‍ഡോയ്ക്ക് ആകെ നാല് മക്കളാണുള്ളത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. ഇതില്‍ ഒരു പെണ്‍കുട്ടിയെ മാത്രമാണ് ജോര്‍ജിന പ്രസവിച്ചത്.
മറ്റ് മൂന്ന് കുട്ടികളും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. നാല് മക്കളില്‍ രണ്ട് പേര്‍ ഇരട്ടകളാണ്. ഇനിയിതാ വീണ്ടും ഇരട്ടകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് അറിയിച്ചിരിക്കുകയാണ് റൊണാള്‍ഡോ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റൊണാള്‍ഡോ ഈ വിവരം അറിയിച്ചിരിക്കുന്നത്.
ജോര്‍ജിനയ്‌ക്കൊപ്പം സ്‌കാനിംഗ് റിപ്പോര്‍ട്ടിലെ ചിത്രങ്ങള്‍ പിടിച്ച് കിടക്കുന്ന റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാം ഫോട്ടോയിലുള്ളത്.
'ഞങ്ങള്‍ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് അറിയിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു. ഞങ്ങളുടെ ഹൃദയം മുഴുവനായി സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരെ കാണാനായി കാത്തിരിക്കുന്നു...'- റൊണാള്‍ഡോ കുറിച്ചു.