ഭിത്തിക്കുള്ളിൽ നിന്ന് ഇടിക്കുന്ന മട്ടിലുള്ള ശബ്ദവും, നിലവിളിയും നിരന്തരം കേൾക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത്. ഭിത്തി തുരന്ന് നോക്കിയപ്പോൾ കണ്ടതാകട്ടെ നഗ്നനായ 39 കാരനെയും.
ന്യൂയോർക്കിലെ സിറാക്കൂസിലെ ഒരു തിയേറ്ററിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ചയാണ് ഇയാൾ തിയേറ്ററിനുള്ളിലെ ഭിത്തിയിൽ കുടുങ്ങിയത്. രണ്ട് ദിവസത്തോളമായി ഭിത്തിയിൽ കുടുങ്ങിയ യുവാവ് നിലവിളിക്കുന്ന ശബ്ദമാണ് തിയേറ്റർ അൽപ്പം ഭയത്തോടെ കേട്ടത്.
ചുമരിൽ ഇടിക്കുന്നതും സഹായത്തിനായി നിലവിളിക്കുന്നതും കേൾക്കുന്നുവെന്നാണ് അവർ പറഞ്ഞത്. 2-3 ദിവസം മുമ്പ് തീയറ്ററിൽ എത്തിയതാണിയാൾ. എന്നാൽ ഭിത്തിക്കുള്ളിൽ ഇയാൾ എങ്ങനെ അകപ്പെട്ടുവെന്നത് വ്യക്തമല്ല.
ഭിത്തിയുടെ ഏത് ഭാഗത്താണ് യുവാവ് കുടുങ്ങിയത് എന്ന് അറിയാൻ അഗ്നിശമന സേനാംഗങ്ങൾ ഭിത്തിയിൽ ഒരു ദ്വാരം ഉണ്ടാക്കി ഫൈബർ-ഒപ്റ്റിക് ക്യാമറ സ്ഥാപിച്ചു. ഇതനുസരിച്ച് ഭിത്തി ശ്രദ്ധാപൂർവ്വം മുറിച്ചശേഷം യുവാവിനെ മോചിപ്പിച്ചു. സാരമായ പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.