/sathyam/media/post_attachments/ACKB0RE6jG9iHEL4w5OD.jpg)
കാബൂൾ: അഫ്ഗാനിസ്താനിൽ മയക്കുമരുന്ന് നിർമ്മാണം തടയാനും കറുപ്പ്, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉത്പാദനം നിരോധിക്കാനുമുള്ള താലിബാന്റെ ശ്രമങ്ങൾ പാളുന്നു. ലോകത്തിൽ കറുപ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന രാജ്യത്തെ കർഷകർ കറുപ്പ് ഉത്പാദിപ്പിച്ച് വലിയ രീതിയിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുണ്ട്.
തങ്ങളുടെ ഉപജീവനമാർഗ്ഗമായാണ് പലരും ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ താലിബാന്റെ മുന്നറിയിപ്പിനെ അവഗണിച്ച് കറുപ്പ് കൃഷി തുടരുകയാണ്. രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം അനുവദിക്കില്ലെന്ന് ഓഗസ്റ്റിൽ അധികാരമേറ്റെടുത്തതിന് പിന്നാലെ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞിരുന്നു.
‘താലിബാൻ എന്നും മയക്കുമരുന്നിന് എതിരാണ്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ നിന്ന് മയക്കുമരുന്നിനെ ഉന്മൂലനം ചെയ്യും. കറുപ്പ് കൃഷി ചെയ്യുന്ന കർഷകരെ ശാക്തീകരിക്കുകയും, അവർക്ക് സാമ്പത്തികമായി മെച്ചമുണ്ടാക്കുന്നത് ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തി നൽകുമെന്നും ‘ സബിഹുള്ള പ്രഖ്യാപിച്ചിരുന്നു.
എന്നാൽ താലിബാൻ തങ്ങളെ ഒരു രീതിയിലും സഹായിക്കുന്നില്ലെന്നും, ഭക്ഷണം വാങ്ങാൻ വേണ്ടി മാത്രമാണ് കറുപ്പ് കൃഷി ചെയ്യുന്നതെന്നും അബ വാലി എന്ന കർഷകൻ പറയുന്നു. കറുപ്പ് കൃഷി നടത്താൻ വലിയ ബുദ്ധിമുട്ടുകൾ ഇല്ല എന്നതും പലരേയും ഇതിലേക്ക് ആകർഷിക്കുന്നു.
കറുപ്പ് കൃഷി രാജ്യത്ത് 37 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ. രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗം കൂടി ആയതിനാൽ, ഇവ സംസ്‌കരിക്കാനുള്ള പ്ലാന്റുകളും ഇവിടെ സജീവമാണ്. ഐക്യരാഷ്‌ട്രസഭയുടെ കണക്കനുസരിച്ച് 2019ൽ മാത്രം കറുപ്പ് കൃഷിയിലൂടെ 1,20,000 പേർക്കാണ് തൊഴിൽ ലഭിച്ചിട്ടുള്ളത്.