Advertisment

വായനയുടെ ആകാശത്തിലൂടെ പറന്ന ഒമ്പതാം ക്ലാസുകാരന്‍ സേതുമാധവന്‍ ! വളർന്ന് അദ്ധ്യാപകനായി, കഥാകൃത്തായി, നോവലിസ്റ്റായി, സിനിമാക്കാരനായി, പ്രഭാഷകനായി... മുണ്ടൂർ സേതുമാധവൻ മാസ്റ്റർ 80 ന്‍റെ നിറവില്‍...

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

മുണ്ടൂര്‍ എന്ന ഗ്രാമത്തിൻ്റെ കണ്ണിലൂടെ ലോകത്തെ നോക്കിക്കണ്ട കഥാകാരനാണ്, മുണ്ടൂർ സേതുമാധവൻ മാസ്റ്റർ. ലോകത്തുള്ള ഏതു നാട്ടിനകത്തും മുണ്ടൂര് എന്ന ഗ്രാമം ഉണ്ട്. മുണ്ടൂര് എന്ന ഗ്രാമവും, കല്ലടിക്കോടൻ മലക്കും, അടക്കാമണിയൻ പറമ്പും, ആന വരമ്പും, മുണ്ടൂര്‍ കുമ്മാട്ടിയുമൊക്കെ കഥകളിൽ നിറയും. അവിടത്തെ ഗ്രാമീണരായ കഥാപാത്രങ്ങൾ നമ്മിലേക്ക് ഇറങ്ങി വരും. ചില സമയം നമ്മൾ അവരുടെ പ്രതിബിംബവും മറ്റു ചിലപ്പോൾ അവർ നമ്മുടെ പ്രതിബിംബവുമായി മാറും.

പറഞ്ഞിരിക്കുന്നത് എൻ്റെ കഥയല്ലേ ? എൻ്റെ കൂടി കഥയല്ലേയെന്ന് വായനക്കാരന് തോന്നുമ്പോഴാണ് ഒരു കഥ വിജയിക്കുന്നത്. ഇതാണ് സേതുമാഷിൻ്റെ കഥയുടെ സൂത്രവാക്യം. ഇതിൽ തന്നെ അടങ്ങിയിട്ടുണ്ട് എന്തിന് എഴുതുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം. എങ്ങിനെയായിരിക്കണം ഒരു കഥ എന്നതിനുള്ള ഉത്തരവും.

തൻ്റെ നെഞ്ഞിൻ്റെ നീറ്റൽ ആ റ്റാനായി എഴുത്തുകാരൻ പേനയെടുക്കുമ്പോൾ അത് എഴുതി കഴിയുന്നതുവരെ എഴുത്തുകാരൻ മറ്റൊരാളാണ്. അത് എഴുതി കഴിയുമ്പോഴാണ് ആ നീറ്റലിന് ആശ്വാസം ലഭിക്കുന്നത്. ഒരർത്ഥത്തിൽ തൻ്റെ മനസ്സിലെ ദു:ഖഭാരം ഇറക്കി വെക്കാനുള്ള അത്താണിയാണ് ഓരോ എഴുത്തും. എഴുത്ത് ജീവിതം തന്നെയാകുന്നു.

മനസ്സിൽ സങ്കട കടലിരമ്പിയിരുന്ന ബാല്യകൗമാരങ്ങളിൽ ദാരിദ്യത്തിൻ്റെ കടുത്ത വേനലുകൾ പൊള്ളിച്ചുകരിച്ച ചിറകുകളുമായി വായനയുടെ ആകാശത്തേക്കു പറക്കുമ്പോൾ അതൊരു പ്രതിഷേധം തന്നെയായിരുന്നു. ആരോടെന്നില്ലാത്ത ഒരു തരം വാശി.

വായനയുടെ ആകാശത്തിലൂടെ പറന്ന കൂട്ടിയായ സേതുമാധവൻ ഒമ്പതാം ക്ലാസിൻ വെച്ചാണ് ആദ്യ കഥ എഴുതുന്നത്. ആ കുഞ്ഞ് വളർന്ന് അദ്ധ്യാപകനായി, അറിയപ്പെടുന്ന കഥാകൃത്തായി, നോവലിസ്റ്റായി, സിനിമാക്കാരനായി, പ്രഭാഷകനായി...

തൻ്റെ കഠിനാദ്ധ്വാനത്തിലൂടെ മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനായി;എഴുത്തിൻ്റെ അറുപതാം വർഷവും താണ്ടി നിൽക്കുന്ന മുണ്ടൂർ സേതുമാധവൻ മാസ്റ്റർക്ക് 80 വയസ്സു തികയുന്നു.

ജീവിതം തുടിക്കുന്ന നൂറു നൂറു കഥകളുമായി ഇനിയും മലയാളത്തെ പോഷിപ്പിക്കുക. ജീവിതമാകുന്ന ദുഃഖക്കടൽ കടഞ്ഞ് ആനന്ദാമൃതം പകരുക.

Advertisment