ഭക്ഷ്യവസ്തുക്കളുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ അതില്‍ നിന്ന് പുറത്തുവീഴുന്ന ഭക്ഷണം ഓടിച്ചെന്ന് എടുക്കുന്ന എത്രയോ പേരുണ്ട്. ഈ പ്രവണത പലയിടങ്ങളിലും നിങ്ങള്‍ കണ്ടിരിക്കാം. സമാനമായൊരു സംഭവമാണ് ഇനി പങ്കുവയ്ക്കാനുള്ളത്.
ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ഫ്രഷ് മീനുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞതിനെ തുടര്‍ന്ന് മീന്‍ വാരിക്കൂട്ടാന്‍ സമീപവാസികള്‍ റോഡിലേക്ക് ഇരച്ചെത്തിയതാണ് വീഡിയോയിലുള്ളത്. സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സ്ത്രീകളും പുരുഷന്മാരും കുട്ടികളും യുവാക്കളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കയ്യില്‍ ഹെല്‍മെറ്റേന്തിയ ബൈക്ക് യാത്രക്കാരെ വരെ വീഡിയോയില്‍ കാണാം. ഏവരും പരസ്പരം ശ്രദ്ധിക്കാതെ തങ്ങളെക്കൊണ്ട് സാധിക്കും വിധം മീന്‍ ശേഖരിക്കുകയാണ്. ചിലര്‍ ഈ നേരത്തിനുള്ളില്‍ തന്നെ ബക്കറ്റുകളോ വലിയ പാത്രങ്ങളോ സംഘടിപ്പിച്ചിരുന്നു. ഇതിന് കഴിയാതിരുന്നവര്‍ കയ്യില്‍ കിട്ടിയ സഞ്ചികളിലും വസ്ത്രത്തിലും വരെ മീന്‍ പെറുക്കിയിടുന്നു.
വീഡിയോ വൈറലായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്. അപമാനകരമാം വിധത്തിലുള്ള പെരുമാറ്റം ആണിതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇതേ ആളുകള്‍ തന്നെ ഒരു അപകടം നടന്ന്, അതില്‍ മനുഷ്യര്‍ പരുക്ക് പറ്റി കിടക്കുമ്പോള്‍ തിരിഞ്ഞുനോക്കണമെന്നില്ലെന്നും ഇത്തരം കാര്യങ്ങളിലാണ് ആളുകള്‍ക്ക് കൂടുതല്‍ ഉത്സാഹമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം ഓരോ നാട്ടിലെയും ആകെ സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കും അവിടെ ജനങ്ങളുടെ ജീവിതനിലവാരമെന്നും ഇത് ആരുടെയും തെറ്റോ കുറ്റമോ അല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് മിക്കവാറും ഇത്തരം രംഗങ്ങളില്‍ ഉള്‍പ്പെടാറ് എന്നും അത് ഒരു നാടിന്‍റെ ആകെ വികസനത്തെ സൂചിപ്പിക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
सड़क पर गिरी मछली, मच गई लूट#बिहारpic.twitter.com/ZleUZpDOp2
— Hari krishan (@ihari_krishan) May 28, 2022