കടുത്ത വൈദ്യുതക്ഷാമം; ഇസ്ലാമാബാദില്‍ ഇനി രാത്രി വിവാഹങ്ങള്‍ ഇല്ല

author-image
admin
Updated On
New Update

publive-image

വൈദ്യുതക്ഷാമം കനത്തതോടെ കൂടുതല്‍ നടപടികളുമായി പാക്കിസ്ഥാന്‍ ഗവണ്‍മെന്‍റ്. തലസ്ഥാനമായ ഇസ്ലാമാബാദില്‍ രാത്രി 10ന് ശേഷം ഇനി വിവാഹാഘോഷങ്ങള്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഇന്ന് മുതലാണ് ഈ ഉത്തരവ് നിലവില്‍ വരുന്നത്. രാത്രി വിവാഹങ്ങളും വിവാഹപ്പാര്‍ട്ടികളും പാക്കിസ്ഥാനില്‍ പതിവാണ്. ആര്‍ഭാടപൂര്‍വമാണ് മിക്കപ്പോഴും ഇത്തരത്തില്‍ രാത്രി വിവാഹങ്ങളും സല്‍ക്കാരങ്ങളും നടക്കുക. അലങ്കാരവെളിച്ചം തന്നെയാണ് രാത്രി പാര്‍ട്ടികളുടെ പ്രധാന ആകര്‍ഷണം.

Advertisment

ഇത് അടക്കമുള്ള വൈദ്യുതിയുടെ അധിക ഉപയോഗം ഇല്ലാതാക്കാനാണ് രാത്രി വിവാഹങ്ങള്‍ ഇസ്ല്മാബാദില്‍ നിരോധിച്ചിരിക്കുന്നത്. രാജ്യം വൈദ്യുതക്ഷാമം മാത്രമല്ല നിലവില്‍ നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാവുകയാണ്.

ഇങ്ങനെ മുന്നോട്ടുപോയാല്‍ ഇന്ന് ശ്രീലങ്ക നേരിട്ട രീതിയിലുള്ള കനത്ത തിരിച്ചടിയായിരിക്കും നേരിടുകയെന്നാണ് വിലയിരുത്തല്‍. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കനതത്തതോടെ ജനം സര്‍ക്കാരിനെതിരെ ശക്തമായി തിരിഞ്ഞ കാഴ്ചയാണ് നാം കണ്ടത്.

ഈ സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനങ്ങള്‍. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തന്നെയാണ് നേരിട്ട് ഇത്തരം തീരുമാനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി കൊടുത്ത് അത്രയും വൈദ്യുതി ശേഖരിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിലൂടെ പവര്‍കട്ട് സമയം കുറയ്ക്കാന്‍ സാധിക്കുമെന്നതായിരുന്നു കണക്കുകൂട്ടല്‍.

ജൂണ്‍ അവസാനത്തോടെ ദിവസത്തിലുള്ള പവര്‍കട്ട് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ആക്കാമെന്നതാണ് നിലവിലെ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കാതെ വിവാഹാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.

Advertisment