കാമുകിയോട് വഴക്കിട്ട ദേഷ്യത്തില്‍ മ്യൂസിയത്തില്‍ കയറി 40 കോടിയുടെ മുതലുകള്‍ നശിപ്പിച്ച് യുവാവ്

author-image
admin
Updated On
New Update

publive-image

Advertisment

കമിതാക്കള്‍ പൊതുവിടങ്ങളില്‍ വച്ച് വഴക്കടിക്കുന്നതെല്ലാം സാധാരണമാണ്. എന്നാല്‍ പരസ്പരം വഴക്കിട്ട ദേഷ്യം മറ്റുള്ളവരോടോ മറ്റെന്തിനോടെങ്കിലുമോ കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല, അല്ലേ? എന്നാല്‍ അത്തരത്തിലൊരു വാര്‍ത്തയാണ് യുഎസിലെ ഡാലസില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

കാമുകിയോട് വഴക്കടിച്ചതിന്‍റെ ദേഷ്യം തീര്‍ക്കാന്‍ ഡാലസിലുള്ള ഒരു ആര്‍ട്ട് മ്യൂസിയത്തിനകത്തേക്ക് അതിക്രമിച്ച് കയറി 40 കോടിയുടെ മുതല്‍ അടിച്ചുതകര്‍ത്തിരിക്കുകയാണ് ഒരു യുവാവ്. ബ്രയാന്‍ ഹെര്‍ണാണ്ടസ് എന്ന ഇരുപത്തിയൊന്നുകാരനാണ് ഈ അവിവേകം കാണിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി 9:30ന് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. കാമുകിയുമായി വഴക്കുണ്ടാക്കിയ ശേഷം ദേഷ്യത്തോടെ മ്യൂസിയത്തിനകത്തേക്ക്അതിക്രമിച്ചു കയറിയ ബ്രയാനെ ആദ്യമൊന്നും സുരക്ഷാ ജീവനക്കാര്‍ കണ്ടിരുന്നില്ല. കയറിവന്ന ഉടന്‍ മ്യൂസിയത്തില്‍ ചില്ലുകൂട്ടിലാക്കി വച്ചിരുന്ന ശില്‍പങ്ങളും മറ്റും ഇരുമ്പിന്‍റെ കസേര ഉപയോഗിച്ച് തച്ചുടയ്ക്കുകയായിരുന്നു.

ആറാം നൂറ്റാണ്ടിലും, ബിസി 450ലുമെല്ലാം ഉപയോഗിച്ചിരുന്ന പ്രത്യേക തരത്തിലുള്ള പാത്രങ്ങളും ശില്‍പങ്ങളും എല്ലാം ബ്രയാന്‍ ഈ രീതിയില്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. ഇവയില്‍ പലതും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും, ഒരിക്കലും വീണ്ടെടുക്കാനാകാത്തതുമാണെന്ന് പൊലീസ് പറയുന്നു.

സുരക്ഷാ ജീവനക്കാര്‍ പിന്നീട് ബ്രയാനെ കാണുകയും കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയും ചെയ്യുകയായിരുന്നു. നിലവിലെ കണക്ക് പ്രകാരമാണ് നാല്‍പത് കോടിയുടെ മുതല്‍ എന്നും ഒരുപക്ഷേ സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ ഈ തുകയില്‍ വ്യത്യാസം വരാമെന്നും മ്യൂസിയം അധികൃതര്‍ പറയുന്നു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് വലിയ തെളിവായത്. ദേഷ്യത്തോടെ ഓരോ മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്ക് ഓടിയെത്തി ശില്‍പങ്ങളും മറ്റും തകര്‍ക്കുന്ന ബ്രയാനെയാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണാനാകുന്നതെന്നും പൊലീസ് പറയുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. എന്നാല്‍ എന്തായിരിക്കും ഇതിനുള്ള ശിക്ഷയെന്ന് വ്യക്തമല്ല. പിഴയാണെങ്കിലും അത് കനത്ത തുക ആകാമെന്നാണ് സൂചന.

Advertisment