ആദിമകാലം മുതല്‍ മനുഷ്യ ജീവിതം നദികളെ ആശ്രയിച്ചായിരുന്നു. ലോകത്തില്‍ ഉടലെടുത്ത പ്രധാന സംസ്കാരങ്ങളെല്ലാം നദികളുടെ തീരങ്ങളിലുമായിരുന്നു. നദികളുടെ ഉത്ഭവം മനുഷ്യ സംസ്കാരങ്ങളുടെ തുടക്കത്തിന് കാരണമായെങ്കില്‍ നദികളുടെ നാശം അവയുടെ ഒടുക്കത്തിനും കാരണമാവും. ഇത്തരമൊരു ആശങ്കയിലാണ് ഇറ്റലിയിലെ ഏറ്റവും നീളം കൂടിയ നദിയായ പോ നദിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍.
ഇറ്റലിയിലെ ഏറ്റവും നീളം കൂടിയ നദിയായ ഈ പോ നദി ഇപ്പോള്‍ വരള്‍ച്ച കാരണം ചുരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ആണ് ആകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2020 ജൂണിലേയും 2022 ജൂണിലേയും ചിത്രങ്ങള്‍ ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിച്ച് നദി എത്രമാത്രം ചുരുങ്ങിയെന്ന് വ്യക്തമാക്കുന്നു.
പോ നദിയുടെ ഒരു ഭാഗത്ത് വലിയ ഒരു മണല്‍ത്തിട്ട രൂപപ്പെട്ടതായി വടക്കന്‍ ഇറ്റലിയിലെ ബോരട്ടോ പ്രദേശത്തെ ആളുകള്‍ ഈയടുത്തായിട്ടായിരുന്നു ശ്രദ്ധിച്ചുതുടങ്ങിയത്. പത്തുമീറ്ററോളം നീളത്തില്‍ നദിയുടെ മദ്ധ്യഭാഗത്തോളം മണല്‍ നിറഞ്ഞു കിടക്കുകയായിരുന്നു. മറ്റിടങ്ങളില്‍ ജലനിരപ്പ് വല്ലാതെ കുറയുന്നതായും അധികൃതരുടെ ശ്രദ്ധയില്‍പെട്ടു. വെള്ളം താഴ്ന്നതോടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ യുദ്ധ ടാങ്കിന്റെ അവശിഷ്ടങ്ങള്‍ മുതല്‍ ഒരു പുരാതന നഗരത്തിന്റെ മതില്‍ക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍ വരെ നദിയില്‍ പ്രത്യക്ഷപ്പെട്ടു.
നദിയുടെ അവസ്ഥയുമായി ബന്ധപ്പെട്ട് ബോരട്ടോയില്‍ നടത്തിയ ഒരു മോണിറ്ററിങ് സെഷനില്‍ പോ നദിയുടെ ഉയരം സീറോ ഗേജ് ഉയരത്തേക്കാള്‍ 2.9 മീറ്റര്‍ താഴെയാണ് എന്ന വിലയിരുത്തലായിരുന്നു പോ നദിയുടെ ഇന്റർറീജിയണൽ ബോഡി (AIPO) മേധാവി അലെസിയോ പികാരെല്ലി നടത്തിയത്. സീസണല്‍ ശരാശരിയേക്കാള്‍ വളരെ കുറവാണ് ഇത് എന്നും അദ്ദേഹം നിരീക്ഷിച്ചു.
പോ നദി-ഇറ്റലിയുടെ സുപ്രധാന ജലസോത്രസ്സ് മഞ്ഞുമൂടിയ ആല്‍പ്സില്‍ നിന്നും ഉത്ഭവിച്ച് കിഴക്ക് പോ ഡെൽറ്റയിലൂടെ അഡ്രിയാറ്റിക് കടലിലേക്ക് എത്തിച്ചേരുന്ന 650 കിലോമീറ്റര്‍ നീളമുള്ള നദിയാണ് പോ. ഇറ്റലിയുടെ ബ്രെഡ്ബാസ്കറ്റ് എന്നറിയപ്പെടുന്ന വടക്കന്‍ ഇറ്റലിയിലെ ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളെ പോഷിപ്പിച്ചുകൊണ്ടാണ് നദി കടന്നുപോവുന്നത്. ഇറ്റലിയിലെ ജി.ഡി.പി യുടെ 40 ശതമാനത്തോളവും ഈ പ്രദേശത്തെ ആശ്രയിച്ചാണ് എന്നതും പ്രധാനമാണ്.
നിലവില്‍ ജലനിരപ്പ് താഴ്ന്നതോടെ കടലില്‍ നിന്നും നദിയിലേക്ക് ഉപ്പുവെള്ളം കലരാനും ആരംഭിച്ചിരിക്കുകയാണ് . അപ്രതീക്ഷിതമായ ഈ തിരിച്ചടി പോ നദിയിലെ ജീവജലത്തെ ഒരു തരത്തില്‍ ഭീഷണിയിലാക്കുകയും ചെയ്യുന്നു.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലം നദിയിലെ വെള്ളം കുറഞ്ഞതിന്റെ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് വടക്കന്‍ ഇറ്റലിയിലെ മഴയുടെ അളവില്‍ വന്ന കുറവാണ്. സാധാരണ നിലയില്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മഴ പെയ്യാറുള്ള ഈ മേഖലയില്‍ മൂന്ന് മാസത്തിനിടെ ഒരു തവണ പോലും മഴ ലഭിച്ചിട്ടില്ല.
നദിയുടെ ഉത്ഭവസ്ഥാനത്തുള്ള മഞ്ഞുവീഴ്ചയുടെ കുറവും മറ്റൊരു പ്രധാന കാരണമാണ്. സീസണല്‍ ശരാശരിയേക്കാള്‍ 50 ശതമാനം കുറവാണ് നിലവിലെ മഞ്ഞുവീഴ്ച. കൂടാതെ നദിയുടെ പ്രധാന റിസര്‍വോയറുകളായ ആല്‍പ്സിലെ മഞ്ഞുമലകളും പ്രതിവര്‍ഷം ചുരുങ്ങി വരികയാണ്.
വേനലില്‍ പ്രശ്നം ഗുരുതരം മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള ജലലഭ്യത ഉണ്ടായിരുന്നതിനാല്‍ നദിയിലെ ജലത്തെ ഈ വര്‍ഷം കര്‍ഷകര്‍ കൂടുതലായി ആശ്രയിച്ചിരുന്നില്ല. എന്നാല്‍ ചൂടുകൂടുകയും, ജലലഭ്യത കുറയുകയും ചെയ്തതോടെ നദിയില്‍ നിന്നുള്ള ജലം കര്‍ഷകര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ സമയത്താണ് നദിയിലെ ജലത്തില്‍ ഉപ്പ് കലര്‍ന്നതായുള്ള തിരിച്ചറിവ് ഇവര്‍ക്ക് ഉണ്ടാവുന്നത്. ഇത് ഇവര്‍ക്കിടയില്‍ വലിയ ജലപ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും.
രാജ്യത്തെ 30 ശതമാനത്തോളം വരുന്ന കൃഷിയില്‍ നിന്നുള്ള ഉത്പാദനത്തെ ആണ് ഇത് ദോഷകരമായി ബാധിക്കുക. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദനം പ്രതിസന്ധിയിലാവും.