പുരുഷന്മാര്‍ അത്രയധികം ആഭരണങ്ങള്‍ ധരിക്കുന്നത് തന്നെ നമ്മുടെ നാട്ടില്‍ അത്ര പതിവുള്ള കാഴ്ചയല്ല. ഏറെയും സ്ത്രീകളാണ് പലവിധത്തിലുള്ള ലോഹങ്ങളോ മറ്റോ കൊണ്ടെല്ലാം നിര്‍മ്മിതമായ ആഭരണങ്ങള്‍ അണിയാറ്. പുരുഷന്മാരാണെങ്കില്‍ അധികവും സ്വര്‍ണമോ വെള്ളിയോ കൊണ്ടുള്ള ഒരു മാലയോ ബ്രേസ്ലെറ്റോ മോതിരമോ എല്ലാം അണിഞ്ഞുകാണാറുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ അത്രമാത്രം ശ്രദ്ധിക്കത്തക്ക വിധത്തില്‍ അണിയാന്‍ മിക്ക പുരുഷന്മാരും ഇഷ്ടപ്പെടാറില്ല എന്നതാണ് സത്യം.
എന്നാലിവിടെയിതാ ഒരാള്‍ പതിവായി ഒന്നേമുക്കാല്‍ കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ധരിച്ചേ പുറത്തിറങ്ങാറുള്ളൂ. ബീഹാറിലെ പറ്റ്ന സ്വദേശിയായ പ്രേം സിംഗാണ് ഇത്തരത്തില്‍ സ്വര്‍ണാഭരണങ്ങളില്‍ കുളിച്ച് നടക്കുന്നത്. രണ്ട് കിലോയ്ക്ക് അടുത്ത് വരുന്ന സ്വര്‍ണാഭരണങ്ങളാണ് പ്രേം സിംഗ് പതിവായി ധരിക്കുന്നത്.
ഘനഗംഭീരമായ, ചങ്ങലകളെ പോലെ തോന്നിക്കുന്ന മാലകള്‍, വാച്ച്, കട്ടിയും വീതിയുമുള്ള ബ്രേസ്ലെറ്റുകള്‍, എല്ലാ വിരലുകളിലും മോതിരം എന്നിങ്ങനെ കാഴ്ചയില്‍ തന്നെ പ്രേമിന്‍റെ ആഭരണങ്ങള്‍ എടുത്തുകാണിക്കുന്നവയാണ്. ബീഹാറിന്‍റെ ഗോള്‍ഡ്മാന്‍ എന്നാണ് പ്രേം സിംഗ് അറിയപ്പെടുന്നത്.
ഇത്തരത്തില്‍ ഗോള്‍ഡ്മാന്‍ എന്ന പേരില്‍ പലയിടങ്ങളിലും അറിയപ്പെടുന്നവരുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നുള്ള ഒരു ഗോള്‍ഡ്മാനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. 'ഗോള്‍ഡ്മാന്‍ ഓഫ് വിശാഖപട്ടണം'എന്നാണ് മുക്ക ശ്രീനിവാസ് എന്ന ഇയാള്‍ അറിയപ്പെടുന്നത്. അഞ്ച് കിലോയിലധികം സ്വര്‍ണമാണ് ( ഇയാള്‍ പതിവായി ധരിക്കാറത്രേ.
നേരത്തെ ഹൈദരാബാദ് സ്വദേശിയായ ശ്രാവണ്‍ എന്നയാളും ഈ രീതിയില്‍ വാര്‍ത്തകളിലൂടെ ശ്രദ്ധേയനായിരുന്നു. അഞ്ച് കിലോയില്‍ അധികം സ്വര്‍ണം തന്നെയാണ് ഇയാളും ധരിക്കാറെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒരിക്കല്‍ തന്‍റെ നാട്ടില്‍ നിന്ന് അല്‍പം അകലെയായി റോഡരികിലുള്ള ഒരു ചായക്കടയില്‍ ചായ കുടിക്കാനിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ പൊതിയുകയുണ്ടായി. അങ്ങനെയാണ് ശ്രാവണ്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.
പലരും വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ രീതിയില്‍ സ്വര്‍ണം ധരിക്കുന്നത്. ആഡംബരം കാണിക്കാന്‍ മഞ്ഞലോഹം അമിതമായി അണിയുന്നവരും കുറവല്ല. എങ്കില്‍ പോലും മിക്കവരും വിശ്വാസമെന്ന ഘടകം തന്നെയാണ് കാരണമായി ചൂണ്ടിക്കാട്ടാറ്.