കോരിച്ചൊരിയുന്ന മഴക്കാലമെത്തി. മഴ എല്ലാവരും ഇഷ്‌ടപ്പെടുന്ന കാര്യമാണ്. ശരീരത്തിനും മനസിനും കുളിര്‍മ നല്‍കുന്ന ഒന്നാണ് മഴ. എന്നാല്‍ മഴക്കാലത്ത് പൊല്ലാപ്പ് പിടിക്കുന്ന ചിലതുണ്ട്. ഉദാഹരണത്തിന് വസ്ത്രങ്ങള്‍ കഴുകി ഉണക്കാന്‍ പറ്റില്ല.
മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. പലപ്പോഴും കിടപ്പുമുറികളും ബാല്‍ക്കെണികളും അയലുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ ഉണക്കാന്‍ സ്ഥല പരിമിതി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഡ്രൈയിംഗ് റാക്കുകള്‍ വാങ്ങാം. വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാനാകുന്ന മികച്ച ഡ്രൈയിംഗ് റാക്കുകളുണ്ട്.
മുന്തിയ ഇനം വാഷിങ് മെഷീന്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്‌നമാകില്ല. എന്നാല്‍ അല്ലാത്തവര്‍ക്ക് ഇതൊരു തലവേദന തന്നെയാണ്. ഇവിടെയിതാ, ഈ മഴക്കാലത്ത്, അതിവേഗം വസ്‌ത്രങ്ങള്‍ ഉണക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം.
നന്നായി ഉണങ്ങിയ വലിയ ഒരു ടവലോ ടീഷര്‍ട്ടോ എടുക്കുക. ഇതിലേക്ക് കഴുകിയ തുണി ഒരു തവണ പിഴിഞ്ഞശേഷം വെക്കുക. കഴുകിയ തുണിയെ ടവലോ ടീഷര്‍ട്ടോകൊണ്ട് ചുറ്റുക. ഇതിന്റെ രണ്ടു അറ്റത്തുനിന്ന് നന്നായി പിഴിഞ്ഞെടുക്കുക. ഈ സമയത്ത്, കഴുകിയ തുണിയിലെ ഭൂരിഭാഗം ജലാംശവും ടവലോ ടീഷര്‍ട്ടോ വലിച്ചെടുക്കും.
ഇങ്ങനെ ചെയ്‌ത ശേഷം മറ്റൊരു ഉണങ്ങിയ ടവലോ ടീഷര്‍ട്ടോ ഉപയോഗിച്ച് നേരത്തെ ചെയ്തതുപോലെ ആവര്‍ത്തിക്കുക. ഇപ്പോള്‍ കഴുകിയ തുണിയിലെ ജലാംശം എറെക്കുറെ പോയിരിക്കും. ഇനി കുറച്ചുസമയം ഫാനിന്റെ കാറ്റ് കൊള്ളാന്‍ വേണ്ടി ഇട്ടാല്‍, അതിവേഗം തന്നെ തുണി ഉണങ്ങിക്കിട്ടും.