വധുവായി അണിഞ്ഞൊരുങ്ങണം, പക്ഷേ മറ്റൊരാളെ വിവാഹം കഴിക്കാനില്ല. ഇതിപ്പോള്‍ രണ്ടും കൂടി എങ്ങനെ നടക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗുജറാത്തിലെ വഡോദര സ്വദേശിനി ക്ഷമ ബിന്ദു. എല്ലാവരും അവര്‍ക്കിഷ്ടമുള്ളവരെ വിവാഹം കഴിക്കുമ്പോള്‍ താന്‍ ഏറ്റവും സ്‌നേഹിക്കുന്ന തന്നെ 'പങ്കാളി' ആയി കാണുന്നതില്‍ തെറ്റുണ്ടോയെന്നാണ് ക്ഷമയുടെ ചോദ്യം.
എന്തായാലും രാജ്യത്ത് കേട്ട് കേള്‍വി പോലുമില്ലാത്ത ' സോളോഗമി എന്ന പ്രയോഗം ചര്‍ച്ചയാക്കി ക്ഷമ വിവാഹിതയാവുകയാണ്. ജൂണ്‍ 11ന് സ്വയം വിവാഹിതയാകുന്നതോടെ പുതിയ ഒരു തുടക്കത്തിന് താന്‍ കാരണക്കാരിയാകുമെന്നാണ് ഈ 24കാരിയുടെ പക്ഷം. എന്നാല്‍ ഈ ആത്മസ്‌നേഹത്തെ സമൂഹമാധ്യമങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടില്ലെന്നത് വ്യക്തം.
ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെയാണ് 'സോളോഗമി'യെന്ന് പറയുന്നത്. സ്വയം വിവാഹം കഴിക്കുന്നതിനെ പലപ്പോഴും ഏകഭാര്യത്വം, സ്വയംഭര്‍തൃത്വം ഉള്‍പ്പെടെയുള്ള പേരുകളില്‍ വിശേഷിപ്പിക്കുന്നു. സ്വയം വിവാഹിതരാകുന്നവര്‍ സന്തോഷകരമായ ജീവിതം നയിക്കുമെന്നും ഇവര്‍ സ്വന്തം മൂല്യം തിരിച്ചറിയുമെന്നുമാണ് വാദം. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമാണ്. രാജ്യത്ത് ഇത് നിയമപരമായി അംഗീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പൊതുവെ സമ്പന്നരായ സ്ത്രീകള്‍ക്കിടയില്‍ ഈ ട്രന്‍ഡ് വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
പരമ്പരാഗതമായ ആചാര-അനുഷ്ഠാനങ്ങളോടെയാണ് ക്ഷമയുടെ വിവാഹം. വധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ഇന്ത്യന്‍ വധുവായി ചടങ്ങ് പൂര്‍ത്തിയാക്കും. വിവാഹ ശേഷം ഗോവയിലേക്കൊരു രണ്ടാഴ്ച നീളുന്ന ഹണിമൂണിനും ക്ഷമ പദ്ധതിയിട്ടിട്ടുണ്ട്. തുറന്ന മനസുള്ള മാതാപിതാക്കളാണ് തന്റെതെന്നും അനുഗ്രഹിച്ചതായും യുവതി പറയുന്നു.