ജോലി ആളുകളെ കെട്ടിപ്പിടിക്കൽ; മണിക്കൂറിന് വാങ്ങുന്നത് 7000 രൂപയോളം

author-image
admin
New Update

publive-image

അനുദിനം പുതിയ തൊഴിലവസരങ്ങളാൽ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ നിരവധി ആളുകൾ വ്യത്യസ്‌തമായ തൊഴിൽ മേഖലകൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. ചിലരുടെ ജോലികൾ നമ്മെ അമ്പരപ്പിക്കാറുണ്ട്. ഇങ്ങനെയും ഒരു ജോലിയോ എന്ന് അറിയാതെ പോലും ചോദിച്ചുപോകും. അത്തരത്തിൽ ഒരു ജോലിയാണ് കാനഡയിലെ ട്രെവോർ ഹൂട്ടർ എന്നയാൾ തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisment

മണിക്കൂറിൽ 7100 രൂപയോളം ഫീസ് വാങ്ങുന്ന ഇദ്ദേഹത്തിന്റെ ജോലി എല്ലാവരെയും അമ്പരപ്പിക്കും. അതെന്തെന്നോ? ആളുകളെ കെട്ടിപ്പിടിക്കുക. അതെ, മാനസിക സംഘർഷങ്ങൾ നേരിടുന്നവരെ ലക്ഷ്യമിട്ട് തുടങ്ങിയ ജോലിയാണിത്. മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും അനുഭവിക്കാത്തവർ ഈ കാലത്ത് വളരെ കുറവായിരിക്കും. വിഷാദരോഗികളുടെ എണ്ണവും കൂടിവരികയാണ്. അതിനാൽ, ഈ കെട്ടിപ്പിടുത്തം ഒരു തെറാപ്പിയുടെ ഫലം നൽകുമെന്നാണ് ട്രെവോർ പറയുന്നത്.

ശരിയാണ് ചിലനേരങ്ങളിൽ ഒറ്റക്കിരിക്കുമ്പോൾ ഒരു കെട്ടിപ്പിടുത്തം നാം ആഗ്രഹിക്കാറുണ്ട്. മനസ് പിടിവിട്ട് പോകുന്ന സമയങ്ങളിൽ ആരെങ്കിലും ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന തോന്നൽ വരാറുണ്ട്. ഇവിടെയാണ് ട്രെവോർ ഹൂട്ടർ ആളുകളെ സഹായിക്കുന്നത്. യാതൊരു ലൈംഗിക താൽപര്യങ്ങളോ പ്രവർത്തികളോ ഈ പ്രക്രിയയിൽ ഉണ്ടായിരിക്കില്ലെന്ന് ട്രെവോർ ഉറപ്പിച്ച് പറയുന്നു. കെട്ടിപ്പിടിക്കുന്നത് കൂടുതൽ സുരക്ഷിതരാണെന്നുള്ള തോന്നൽ ആളുകളിൽ ഉണ്ടാക്കുമെന്നും ട്രെവോർ വ്യക്‌തമാക്കുന്നു.

ചിലരൊക്കെ വളരെ പുച്ഛത്തോടെയാണ് തന്റെ ജോലിയെ കാണുന്നത്. മറ്റ് ചിലർക്ക് ഇതൊരു ജോലിയായി തന്നെ അംഗീകരിക്കാൻ മടിയാണ്. തന്നെയൊരു ലൈംഗിക തൊഴിലാളിയായി വരെ ആളുകൾ കാണുന്നുണ്ടെന്ന് ട്രെവോർ പറയുന്നു. ‘ആളുകളുമായി സഹകരിക്കാൻ എനിക്കിഷ്‌ടമാണ്. അത് തന്നെയാണ് ഈ തൊഴിൽ തിരഞ്ഞെടുക്കാനുള്ള കാരണവും. വെറുമൊരു കെട്ടിപ്പിടുത്തം എന്നതിനപ്പുറം അത് മനുഷ്യർക്ക് നൽകുന്ന സമാധാനം വളരെ വലുതാണ്. ഒരു അപരിചിതനെ വെറുതേ ചെന്ന് കെട്ടിപ്പിടിക്കുകയല്ല ഇതിലൂടെ ചെയ്യുന്നത്.

അയാളെ മനസിലാക്കി സമാധാനവും സുരക്ഷിതത്വവും കരുതലും നൽകുന്ന രീതിയിൽ വേണം കെട്ടിപ്പിടിക്കാൻ. അതിൽ വേറൊരു തരത്തിലുള്ള ലൈംഗിക താൽപര്യങ്ങളും ഉണ്ടാകില്ല’; ട്രെവോർ കൂട്ടിച്ചേർത്തു.നെഗറ്റീവ് കമന്റുകൾ പറയുന്ന ആളുകൾ ഉണ്ടെങ്കിലും നിരവധി പേരാണ് ട്രെവോറിനെ തേടി ഓരോ ദിവസവും എത്തുന്നത്. ഇങ്ങനെ നിരവധി വ്യത്യസ്‌തമായ ജോലികൾ കൊണ്ട് വൈറലായി ലക്ഷങ്ങൾ സമ്പാദിക്കുന്നവർ ഇന്നുണ്ട്. ന്യൂയോർക്കിൽ കുഞ്ഞുങ്ങൾക്ക് പേരിടുന്നത് തൊഴിലാക്കി മാസം 40 ലക്ഷം രൂപയോളം സമ്പാദിക്കുന്ന യുവതി അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

Advertisment