പൊന്നാനി: പൊന്നാനി വാണിജ്യ തുറമുഖ പദ്ധ്വതിയിൽ നിന്ന് നിലവിലെ നിർമാണ കമ്പനിയായ മലബാർ പോർട്സ് കമ്പനിയെ ഒഴിവാക്കുന്ന നടപടിയിലേക്കാണ് സംസ്ഥാന സർക്കാർ നീങ്ങുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ഏറ്റെടുത്ത പണി കാലാവധിക്കകം പൂർത്തീകരിക്കാനോ അതുമായി ബന്ധപ്പെട്ട വിശ്വാസ്യത ബോധ്യപ്പെടുത്താനോ കഴിയാതിരിക്കുകയും പദ്ധ്വതി അനന്തമായി നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ യോഗ്യരായ മറ്റു നിർമാണ കമ്പനികളെ തേടി ടെണ്ടർ ഇറക്കാൻ ഒരുങ്ങുന്നത്. എന്നാൽ അതിന് മുമ്പ് ഒരവസരം കൂടി അവർക്ക് നൽകുമെന്നും ഇക്കാര്യത്തിൽ ദീർഘമായ കാത്തിരിപ്പ് സാധ്യമല്ലെന്നു അവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി തുടർന്നു.
പൊന്നാനി വാണിജ്യ തുറമുഖ വികസനം യുദ്ധകാല വേഗതയിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ് എം എ (സുന്നീ മാനേജ്‌മെന്റ് അസോസിയേഷൻ) സമർപ്പിച്ച നിവേദനം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ.
സ്വകാര്യ സന്ദർശനാർത്ഥം പൊന്നാനിയിലെത്തിയ മന്ത്രിയ്ക്ക് എസ് എം എ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും എസ് എം എ മലപ്പുറം ജില്ലാ ഫൈനാൻസ് സെക്രട്ടറി ഉസ്താദ് മുഹമ്മദ് ഖാസിം കോയ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.
ജലഗതാഗതം, വാണിജ്യം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ പൊന്നാനി പ്രദേശത്തിനും തുറമുഖത്തിനും വമ്പിച്ച സാധ്യതകളാണ് ഉള്ളതെന്നും അത് പരമാവധി ഉപയോഗപ്പെടുത്താനും ചരിത്രപ്രാധന്യവും ആത്മീയ, വാണിജ്യ, സാംസ്കാരിക കേന്ദ്രവുമായ പൊന്നാനിയുടെ ഗതകാല പ്രൗഢിയും പ്രതാപവും തിരിച്ചു പിടിക്കാനുള്ള വിവിധ പദ്ധ്വതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുറമുഖം യാഥാർഥ്യമാവുന്നതോടെ സംസ്ഥാനത്തെ വൻ പ്രാധാന്യമുള്ള ഒരു കേന്ദ്രമായി പൊന്നാനി മാറുമെന്നും അദ്ദേഹം തുടർന്നു.
2015ൽ പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിർമാണം കരാർ ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായ മലബാർ പോർട്സ് കമ്പനിയ്ക്ക് പണി പൂർത്തിയാക്കുന്നത് സംബന്ധിച്ച് അന്ത്യശാസനം നൽകിയിരിക്കുകയാണ്. അവർ പദ്ധതിക്കായി ആവശ്യപ്പെട്ട 29 ഏക്കർ ഭൂമിയിൽ 20 ഏക്കർ ഭൂമി സർക്കാർ ഇതിനകം നൽകിയിട്ടുണ്ട്.
അതേസമയം, ഒമ്പത് ഏക്കർ കൂടി വിട്ടു നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മലബാർ പോർട്സ് കമ്പനി. എന്നാൽ, സർക്കാർ ആകട്ടെ, ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്ന മുറക്ക് അവശേഷിക്കുന്ന ഒമ്പത് ഏക്കർ നൽകാമെന്ന നിലപാടിലുമാണ്. എന്തായാലും, നിർമാണം പൂർത്തിയാക്കുന്നതിൽ അനന്തമായ കാലവിളംബം അംഗീകരിക്കില്ലെന്ന് നിലവിലെ കരാർ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
ഏറ്റെടുത്ത കാര്യം കാലാവധിക്കകം പൂർത്തിയാക്കാത്തതും അതുമായി ബന്ധപ്പെട്ട വിശ്വാസ്യത തെളിയിക്കാത്തതും കണക്കിലെടുത്താണ് അവരെ ഒഴിവാക്കുന്ന കാര്യം സർക്കാർ ആലോചിച്ചത്. ഇതിന്റെ ഭാഗമായാണ് പൊന്നാനി വാണിജ്യ തുറമുഖത്തിന് പുതിയ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതോടെ, കമ്പനി വീണ്ടും സന്നദ്ധത അറിയിച്ചു മുന്നോട്ടു വരികയായിരുന്നു.
അതിനാലാണ് അവസാനമായി ഒരവസരം കൂടി കമ്പനിയ്ക്ക് നൽകുന്നതെന്നും മന്ത്രി ദേവർകോവിൽ വിവരിച്ചു. കമ്പനി നിയമ നടപടികളിലേക്ക് പോയാലുണ്ടാവുന്ന സ്വാഭാവികമായ വലിയ കാലതാമസം പൊന്നാനി തുറമുഖ പദ്ധ്വതിയുടെ കാര്യത്തിൽ ഉണ്ടാവരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
പൊന്നാനി വലിയ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറിയും മഹല്ല് ഏകോപന സമിതി അധ്യക്ഷനുമായ വി സെയ്ത് മുഹമ്മദ് തങ്ങൾ, പൊന്നാനി മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി പി ഹുസ്സൈൻ കോയ തങ്ങൾ, ചരിത്രകാരൻ ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, സാംസ്കാരിക പ്രവർത്തകൻ മുഹമ്മദ് പൊന്നാനി, എസ് എം എ ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മൗലവി ഐലക്കാട്, സി എം ഹനീഫ മുസ്‌ലിയാർ, ഹാജി പി ഷാഹുൽ ഹമീദ് മൗലവി, ഇസ്മായിൽ അൻവരി, ഹാജി അബ്ദുൾറഹീം ഉസ്താദ്, കെ എം ഇബ്രാഹിം ഹാജി, കെ എം മുഹമ്മദ് ഫൈസൽ റഹ്‌മാൻ, പത്രപ്രവർത്തകർ തുടങ്ങിയവരും നിവേദന സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു.