17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ദത്ത് നൽകി: മലപ്പുറത്ത് പ്രതിക്ക് നാല്‍പതര വര്‍ഷം കഠിന തടവും പിഴയും

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി കുഞ്ഞ് പിറന്നപ്പോൾ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ നൃത്താദ്ധ്യാപകന് നാല്‍പതര വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

Advertisment

മലപ്പുറം കുഴിമണ്ണ കീഴിശ്ശേരി പള്ളിക്കുന്നത്ത് കാവുംകണ്ടിയില്‍ ചേവായി മോഹന്‍ദാസ് (40)നെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എഎം അഷ്റഫ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനയടക്കം നടത്തിയിരുന്നു.

നൃത്താധ്യാപകനായ പ്രതി കുഴിമണ്ണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നൃത്ത, സംഗീത ക്ലാസുകൾ എടുക്കുന്നുണ്ടായിരുന്നു. അവിടെ പഠിക്കാനായി എത്തിയ പതിനേഴുകാരിയെ 2014 മാര്‍ച്ച് മാസത്തില്‍ രണ്ടു തവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തുടർന്ന് എട്ടുമാസത്തിന് ശേഷം പെൺകുട്ടിയ്ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഗർഭിണി ആണെന്ന് കണ്ടെത്തുകയും ആയിരുന്നു.

മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേന ദത്ത് നല്‍കുകയുമായിരുന്നു. ശേഷം പെൺകുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരി 9നാണു കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന ബി സന്തോഷ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നവജാത ശിശുവിന്‍റെ ഡിഎന്‍എ പരിശോധനയില്‍ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കി. പ്രോസിക്യുഷന്‍ ലൈസണ്‍ വിംഗിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

Advertisment