മലപ്പുറം

മലപ്പുറത്ത് ആഡംബര കാറിൽ കഞ്ചാവ് കടത്ത്; മൂന്ന് യുവാക്കൾ പിടിയിൽ

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, September 26, 2021

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കഞ്ചാവുവേട്ട. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരാണ് അറസ്റ്റിലായത്.

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി ലോറികളിലും ആഡംബര കാറുകളിലും രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ് കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനാണ് രഹസ്യ വിവരം ലഭിച്ചത്.

കാറിനുള്ളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് ആണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിലും പരിസരങ്ങളിലും പല ഭാഗങ്ങളിലായി പൊലീസ് വാഹന പരിശോധന കർശനമാക്കിയിരുന്നു.

മലപ്പുറം വലിയങ്ങാടി ബൈപ്പാസിൽ വച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം രൂപ മുതൽ വില കൊടുത്ത് വാങ്ങി ജില്ലയിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വിൽപ്പന നടത്തുന്നത്.

ആവശ്യക്കാർക്ക് വിൽപനനടത്താൻ തയ്യാറാക്കിയ ചെറിയ പായ്‌ക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഈ മാസം 17 ന് മലപ്പുറം പൂക്കോട്ടുംപാടം കൂറ്റംമ്പാറയിൽ എക്‌സൈസിന്റെ 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിരുന്നു.

രണ്ടര കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളും, ഹഷീഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരാണ് അന്ന് പിടിയിലായത്.

×