മലപ്പുറം : വീട്ടിൽ നിന്ന് പണം മോഷ്ടിച്ചതിന് ക്ഷമാപണക്കത്ത് നൽകി കള്ളൻ. കാളാച്ചാൽ സ്വദേശിയായ ഷംസീറിന്റെ വീട്ടിലാണ് സംഭവം. വീട്ടിലെ അലമാരിയിൽ നിന്നും പണം മോഷ്ടിച്ച കള്ളൻ ക്ഷമ ചോദിക്കുന്ന രണ്ട് പേജുള്ള കത്താണ് വീട്ടിൽ ഉപേക്ഷിച്ചത്. പണം ഉടൻ തിരികെ നൽകുമെന്നും തനിക്ക് മാപ്പ് തരണമെന്നും കള്ളന്റെ കത്തിൽ പറയുന്നു.
‘വീട്ടിലെ പൈസ ഞാൻ എടുത്തിട്ടുണ്ട്. ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും അറിയും. ഞാൻ വീടിനടുത്തുള്ള ആളാണ്. കുറച്ച് സമയം തരണം. വീട്ടിൽ തന്നെ കൊണ്ടുവച്ചോളാം. സാമ്പത്തിക പ്രയാസം വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഞാൻ സുഖമില്ലാതെ കിടക്കുകയാണ് എനിക്ക് മാപ്പ് തരണം’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
സ്വർണം പണയം വെച്ച് സൂക്ഷിച്ചിരുന്ന 67,000 രൂപയാണ് വീട്ടിൽ നിന്ന് മോഷണം പോയത്. എന്നാൽ കള്ളന്റെ രണ്ട് പേജുള്ള കത്ത് വീട്ടുകാരേയും കേസന്വേഷണത്തിന് വന്ന പോലീസിനെയും കുഴപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഷംസീറിന്റെ പരാതിയിൽ ചങ്ങരംകുളം എസ് ഐഎമാരായ വിജയകുമാർ, ഖാലിദ്, സി പി ഒ സുരേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.