പൊന്നാനി: നഗരത്തിൽ തെരുവുനായകളുടെ ആക്രമണം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് സഹായ പദ്ധതി രൂപികരിച്ച് പൊന്നാനി നഗരസഭ. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നഗരസഭാധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് അയ്യായിരം രൂപ ചികിത്സാ സഹായം നൽകും.
നഗരസഭാധ്യക്ഷന് നേരിട്ട് അപേക്ഷ സമർപ്പിച്ചാൽ മതി. നഗരത്തിൽ തെരുവു നായ്ക്കളുടെ ആക്രമണം വ്യാപകമായതോടെയാണ് അപൂർവമായ സഹായ പദ്ധതിയുമായി നഗരസഭാ ഭരണ സമിതി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തു.
ഇതിനോടകം 5 പേർക്ക് സഹായം ലഭ്യമാക്കാനുള്ള നടപടികളുമായി. കഴിഞ്ഞ ആഴ്ചയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റവരാണ് അപേക്ഷ നൽകിയത്. ഇവരുടെ അപേക്ഷകളെല്ലാം കൗൺസിൽ യോഗത്തിൽ അംഗീകരിച്ചു.
തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികത്സതേടേണ്ടി വന്നവർക്ക് രേഖകളുമായി നഗരസഭയെ സമീപിക്കാവുന്നതാണെന്ന് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉറപ്പു നൽകി. ഇതോടൊപ്പം തന്നെ തെരുവുനായ്ക്കളുടെ ആക്രമണം ഒഴിവാക്കാൻ ശാശ്വത നടപടികളും തുടങ്ങുന്നതായി നഗരസഭാധ്യക്ഷൻ അറിയിച്ചു.