പ്രതീക്ഷിച്ചത് മാവോവാദിയെ... കിട്ടിയത് ഒളിവില്‍ കഴിഞ്ഞിരുന്ന കള്ളനെ !

New Update

publive-image

വഴിക്കടവ്: മാവോവാദി സാന്നിധ്യം നിലനിൽക്കുന്ന പ്രദേശത്ത് പോലീസിന്റെ ശക്തമായ നിരീക്ഷണം നടന്നുവരുന്നതിനിടെ വഴിക്കടവ് മരുത കൂട്ടിലപ്പാറ എന്ന സ്ഥലത്ത് വനത്തിനോട് ചേർന്ന ആദിവാസി കോളനിയിലെ ഒരു വീട്ടിൽ ഒരാൾ പുറത്ത് നിന്ന് വന്ന് രഹസ്യമായി കഴിയുന്നുണ്ട് എന്നുള്ള വിവരം മലപ്പുറം ജില്ലാ പോലീസ് സുജിത് ദാസ് ഐപിഎസിന് ലഭിച്ചു.

Advertisment

തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ. ഏബ്രഹാമിൻ്റെ നിർദേശപ്രകാരം വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രതിയെ പ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുക്കാനായത്.

ശേഷം വഴിക്കടവ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിലാണ് മരുത കെട്ടുങ്ങൽ സ്വദേശി കോലോത്തുപറമ്പൻ നിഷാബ് എന്ന ചെറിയ ഐല (30) ആണെന്നും കളവ് നടത്തി ഒളിവിൽ കഴിയുകയാണെന്നും തിരിച്ചറിഞ്ഞത്.

മലേഷ്യയിൽ ജോലി ചെയ്യവേ നിയമ ലംഘനത്തിന് പിടിയിലായി കൊലാലംപൂർ ജയിലിലായിരുന്നു നിഷാബ്. പിതാവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മകൻ ജയിലിലായത് കാരണം പട്ടിണിയിലായ കുടുംബത്തിന്റെ അവസ്ഥ വിശദീകരിച്ച് സന്ദേശം അയച്ചത് ചില സാമൂഹ്യ സാംസ്കാരിക സംഘടനകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴിയും മറ്റും സമ്മർദ്ദം ചെലുത്തിയാണ് നിഷാബിനെ ജയിൽ മോചിതനാക്കി സൗജന്യമായി നാട്ടിലെത്തിച്ചത്.

ഇങ്ങനെ ഏഴ് മാസം മുമ്പ് നാട്ടിലെത്തിയ യുവാവ് പിന്നീട് ആഡംബര ജീവിതത്തിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുമായി ചേർന്ന് മോഷണവും പിടിച്ചുപറിയും നടത്തി വരികയായിരുന്നു.

മാസങ്ങൾക്ക് മുമ്പ് ഒരിക്കൽ പിടിക്കപ്പെട്ട് തിരൂർ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി വീണ്ടും എറണാംകുളത്തിനും ഗോവക്കും ഇടയിൽ ട്രയിനിൽ യാത്രക്കാരെ കൊള്ളയടിച്ച് പണവും ഫോണും മോഷ്ടിച്ച കേസിൽ കൂട്ട് പ്രതി റയിൽവെ പോലീസിന്റെ പിടിയിലായതോടെ യാണ് ഒളിവിൽ കഴിയാൻ തുടങ്ങിയത്.

മരുതയിലെ വീട്ടിൽ കോഴിക്കോട് നിന്നും റെയിൽവെ പോലീസ് പല പ്രാവശ്യം തേടിയെത്തി യെങ്കിലും പിടികൂടാനായിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോഴിക്കോട് റെയിൽവേ പോലീസിന് കൈമാറി.

ഈ വർഷം രെജിസ്റ്റർ ചെയ്ത രണ്ട് മോഷണക്കേസിൽ നിഷാബിന് പങ്കുള്ളതായി റെയിൽവെ പോലീസ് കണ്ടെത്തിയിരുന്നു. അടുത്തിടെ കർണാടക ഉടുപ്പിയിൽ നേത്രാവതി എക്സ്പ്രസ്സ് ട്രയിനിൽ നിന്നും ഒരു ആരോഗ്യ പ്രവർത്തകയുടെ ആറ് ലക്ഷം രൂപയുടെ സ്വർണവും പണവും ഫോണുകൾ ഉൾപ്പെടെയുള്ള ബാഗ് പിടിച്ച് പറിച്ചിരുന്നു ഈ കേസിലും നിഷാബിന് പങ്കുള്ളതായി റയിൽവെ പോലീസ് സംശയിക്കുന്നുണ്ട്.

സ്പഷ്യൽ സ്കോഡ് സബ്ബ് ഇൻസ്പെക്ടർ എം.അസ്സൈനാർ, പോലീസുകാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, നിബിൻ ദാസ്, ജിയോ ജേക്കബ്, പ്രശാന്ത് കുമാർ എസ്, റിയാസ് ചീനി, അബൂബക്കർ നാലകത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Advertisment