വഖഫ് വിഷയത്തിൽ ആശങ്കയകറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ജനകീയ കൂട്ടായ്മയുടെ നിവേദനം

New Update

publive-image

തിരൂർ: കേരളത്തിൽ സജീവ ചർച്ചയിലുള്ള മുസ്ലിം വിഷയങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്തിയ്ക്ക് നിവേദനം. മലപ്പുറം, തിരൂർ പ്രദേശത്തു എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ജനകീയ കൂട്ടായ്മ എന്ന വേദിയുടെ ബാനറിലാണ് നിവേദനം നേരിട്ട് കൈമാറിയത്.

Advertisment

വഖഫ് ബോർഡിലെ നിയമനങ്ങൾ പി എസ് സിയ്ക്ക് വിട്ടു കൊണ്ടുള്ള സർക്കാർ തീരുമാനം തന്നെയാണ് നിവേദനത്തിൽ പ്രധാന വിഷയം. വഖഫ് ബോർഡ് പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന് ഉദ്യോഗസ്ഥനിയമനം പി എസ് സിയ്ക്ക് വിട്ട സർക്കാർ നിലപാട് പ്രബല മുസ്ലിം മത സംഘടനകൾ ഉൾപ്പടെയുള്ളവർ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച പലകാര്യങ്ങളിലും നിലനിൽക്കുന്ന ആശങ്കകളും ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തുടർ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് മുമ്പായി നിലനിൽക്കുന്ന ആശങ്കകൾ അകറ്റുന്നതിന് നീക്കം വേണമെന്ന് നിവേദനം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അർഹതപ്പെട്ട മസ്‌ജിദ്‌ ഇമാമുമാർ, മുഅദ്ദിൻ തുടങ്ങിയ ജീവനക്കാരുടെ ക്ഷേമ പെൻഷൻ, വിവാഹ ചികിത്സ ധനസഹായങ്ങൾ ഉൾപ്പടെയുള്ള ആശ്വാസ പദ്ധതികൾ പുനരാരംഭിച്ച് കാര്യക്ഷമമാക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു.

അറബിക്ക് - ദഅവ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തണമെന്നതാണ് നിവേദനത്തിലെ മറ്റൊരാവശ്യം. മഞ്ചേരി നെല്ലിക്കുത്ത് ആലി മുസ്ലിയാർ സ്മാരക സൗധത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സാംസ്കാരിക വകുപ്പിന് കൈമാറണമെന്നതും ജനകീയ കൂട്ടായ്മ ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്ക് കൈമാറിയ നിവേദനത്തിലെ ആവശ്യമാണ്.

കൂട്ടായ്മയുടെ ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറുമായ മുഹമ്മദ് കാസിം കോയ ഹാജി, കൺവീനറും മദ്രസ ക്ഷേമ ബോർഡംഗവുമായ കെ സിദ്ധീഖ് മൗലവി അയിലക്കാട്, സി എം ഹനീഫ മൗലവി എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment