നിലമ്പൂർ: മലപ്പുറം വഴിക്കടവ് മേഖലയിൽ നടുറോഡിൽ വീട്ടമ്മയെ കയറിപ്പിടിച്ച് യുവാവ്. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ യുവാവിനെ പോലീസ് പിടികൂടി. താമരക്കുളം സ്വദേശിയായ കീഴ്പ്പള്ളി വിനീഷ് എന്ന ചെറുപ്പക്കാരനാണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. ജനുവരി 28ന് പുലർച്ചെ അഞ്ചുമണിയോടെ, പള്ളിയിലേക്ക് പോവുകയായിരുന്നു വീട്ടമ്മ. മണിമൂളിയിലെ നടപ്പാലത്തിനടുത്തുള്ള ആളൊഴിഞ്ഞ വഴിയിൽ വച്ച് വീട്ടമ്മയെ കണ്ട് വിനീഷ് ബൈക്ക് നിർത്തി കയറി പിടിക്കുകയായിരുന്നു.
ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ഇവർക്ക് ആളെ മനസ്സിലായില്ല. വിനീഷ് ലൈംഗികാതിക്രമത്തിന് മുതിർന്നതോടെ വീട്ടമ്മ ഒച്ചവച്ചു. അതോടെ പ്രതി, ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന്, പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും വഴിക്കടവ് പോലീസ് അന്വേഷണം നടത്തി. പ്രതിയെ തിരിച്ചറിഞ്ഞ പോലീസിന്റെ ചോദ്യം ചെയ്യലിൽ വിനീഷ് കുറ്റം സമ്മതിച്ചു.