പൊന്നാനി: ചരിത്ര വേദിയായ പൊന്നാനി തീരത്ത് മറ്റൊരു ചരിത്രം തീർക്കാൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രംഗത്ത്. പൊന്നാനി - ലക്ഷദ്വീപ് റൂട്ടിൽ പുതിയ നാവിക ഗതാഗതം സാധ്യമാക്കുകയാണ് ലക്ഷ്യം. ആദ്യപടിയെന്ന നിലയിൽ പുതിയ കപ്പൽ സർവീസ് സംബന്ധിച്ച് പഠിക്കാൻ ഒരു സംഘം പുറപ്പെടുന്നു. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നീക്കങ്ങൾ. മാധ്യമ പ്രവർത്തകരുടെ പൊതുവേദിയായ പൊന്നാനി പ്രസ്സ് ക്ലബ് ആണ് പൊന്നാനിയ്ക്ക് പിന്നെയും പുതുമ സമ്മാനിക്കുന്ന പുതിയ കാൽവെയ്പ്പിന് പിന്നിൽ.
നിലവിൽ ബേപ്പൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് ലക്ഷ്വദ്വീപിലേക്ക് കപ്പൽ സർവീസുകൾ ഉള്ളത്. എന്നാൽ, അതിനേക്കാൾ വലിയ തോതിൽ ദൂരം കുറയ്ക്കും പൊന്നാനി - ലക്ഷദ്വീപ് റൂട്ട്. പൊന്നാനിയിൽനിന്ന് കവരത്തി ദ്വീപിലേക്ക് 194 നോട്ടിക്കൽ മൈൽ ദൂരവും ആന്ത്രോത്ത് ദ്വീപിലേക്ക് 124 നോട്ടിക്കൽ മൈൽ ദൂരവുമാണുള്ളത്. മാത്രമല്ല, നിർദിഷ്ട കപ്പൽ സർവീസ് യാഥാർഥ്യമാവുന്നതോടെ, വലിയ കുതിച്ചു ചാട്ടമാവും പൊന്നാനിയിൽ പുലരുക. ടൂറിസം രംഗത്ത് വൻ മുന്നേറ്റം ഉറപ്പാണ്. ടൂറിസം ലക്ഷ്യമാക്കി പൊന്നാനിയിൽ ഫ്‌ളോട്ടിങ് ജെട്ടിയും ആലോചനയിലുണ്ട്.
പൊന്നാനിയിലെ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പൊന്നാനി പ്രസ്സ് ക്ലബ് ആണ് പുതിയ നാവിക സർവീസിന് വഴികാട്ടിയായി രംഗത്തുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് സാധ്യതാ പഠനയാത്ര നടത്താനാണ് തീരുമാനം. ഇതിനായി കൂറ്റൻ കപ്പൽ പൊന്നാനി ഹാർബറിൽ എത്തും. ഇതിനായി പൊന്നാനി കടലിൽ ഹൈഡ്രോഗ്രാഫിക് സർവേ ഏർപ്പെടുത്തും. യാത്രയുടെ മുന്നോടിയായി പൊന്നാനി എം പിയും എം എൽ എയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് കത്തയക്കും. ഫെബ്രുവരി 26 നാണ് അമ്പതംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര. 31 വരെ സംഘം ലക്ഷദ്വീപിൽ തങ്ങും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പൊന്നാനി പാർലമെന്റ് അംഗം ഇ ടി മുഹമ്മദ് ബഷീർ എന്നിവരും സംഘത്തിൽ ഉണ്ടാകും.
ഇത് സംബന്ധിച്ച ആലോചനാ യോഗത്തിൽ പി നന്ദകുമാർ എം എൽ എ, നോർക്ക റൂട്ട്സ് വൈ സ് ചെയർമാൻ പി ശ്രീരാമ കൃഷണൻ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, മാരിടൈം ചെയർമാൻ അഡ്വ. വി ജെ മാത്യു, കോഴിക്കോട് പോർട്ട് ഓഫീസ ർ അശ്വനി പ്രതാപ്, പോർട്ട് പൈലറ്റ് പ്രതീഷ് ജി നാ യർ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ, അഡ്വ. പി കെ ഖലീമുദ്ദീൻ, അഷറഫ് കോക്കൂർ, അർഷാദ് തിരുനെലി, ഒ ഒ ശംസു, ഫർഹാൻ ബിയ്യം, ടി ജമാലുദ്ദീൻ, സമീർ ഡയാന, പ്രസ് ക്ലബ്ബ് സെക്രട്ടറി ജിബീഷ് വൈലിപ്പാട്ട്, വൈസ് പ്രസിഡന്റ് സക്കരിയ പൊന്നാനി ലക്ഷദ്വീപ് പ്രതിനിധികളായ കെ കെ ഷമീം, സി എം അബ്ദുൾ മുഹ്സിൻ എന്നിവർ സംബന്ധിച്ചു.
പൊന്നാനിയും ലക്ഷദ്വീപും തമ്മിൽ ഹൃദയഹാരിയായ ബന്ധങ്ങൾ ഉണ്ട്. അറബിക്കടലിന്റെ തീരത്തും തുരുത്തുമായി സ്ഥിതിചെയ്യുന്ന രണ്ടിടങ്ങളിലെയും സമൂഹങ്ങളുടെ പൊതുവെയുള്ള ചിത്രം സാംസ്കാരിക സൗഹൃദത്തിന്റേതാണ്. ദ്വീപി ചക്കര, മാസ്, അമ്പർ എന്നിങ്ങനെ ലക്ഷ്വദീപിൽ നിന്ന് എത്തുന്ന നാടൻ സാധനങ്ങൾ പൊന്നാനിക്കാരുടെ ഇഷ്ട്ട വസ്തുക്കളായിരുന്നു. റംസാൻ സീസൺ ഇവയുടെ കൂടി സീസൺ ആയിരുന്നു. മാസ് കലർത്തിയ ഉപ്പുമുളകും, ദ്വീപി ചക്കര ചേർത്ത വിഭവങ്ങളും അംബർ പ്രസരിപ്പിക്കുന്ന സുഗന്ധവും ഇരു നാട്ടുകാരുടെയും വിചാരങ്ങളെ കാണാച്ചരടിൽ കോർത്തിരുന്നു.
ഭക്ഷണം ഉൾപ്പെടെയുള്ള ശീലങ്ങളിൽ പരിഷ്‌കാരങ്ങൾ വന്ന് നിറഞ്ഞതോടെ ലക്ഷദ്വീപ് വസ്തുക്കൾ വലിയ ആവേശമല്ലാതെ ആയിരിക്കുകയാണ്. എന്നാലിപ്പോൾ, രണ്ടിടങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന കപ്പൽ സർവീസ് എന്ന ആശയം പഴമയെ പ്രണിയിക്കുന്ന പുത്തൻ തലമുറയിൽ വലിയ അനുഭൂതി ജനിപ്പിക്കുന്നുവെന്നതാണ് സത്യം. അതോടൊപ്പം, ഒരു ദേശത്തിന്റെ സമഗ്ര വികസനത്തിന് വഴിവെക്കുന്ന പദ്ധ്വതി മുന്നോട്ടു വെക്കുകയും അതിന്റെ സാക്ഷാത്കാരത്തിനായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്ത പൊന്നാനി പ്രസ്സ് ക്ലബ് ഭാരവാഹികളും പ്രവർത്തകരും ഇതര മാധ്യമ കൂട്ടായ്മകൾക്ക് അനുപമ മാതൃകയാവുകയുമാണ്.