തിരൂരങ്ങാടി: അപ്രാപ്യമായ ചികിത്സാ ചിലവുകൾ കാരണം ഒരു കുടുംബവും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടരുതെന്ന് പത്മശ്രീ ജേതാവ് കെ.വി റാബിയ അഭിപ്രായപ്പെട്ടു. സ്റ്റോർ ജനറിക്സ് ഹോപ്പ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിലക്കാട് റാബിയ ഭവനിൽ സംഘടിപ്പിച്ച നിർദ്ധനർക്കുള്ള മെഡികെയർ പദ്ധതി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഫൗണ്ടേഷൻ ചെയർമാൻ കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർ അരിമ്പ്ര മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ പത്മശ്രീ അവാർഡ് ജേതാവ് കെ.വി റാബിയയെ ആദരിച്ചു.
മാനവിക ശാക്തീകരണത്തിന്റെ മികച്ച മാതൃകയാണ് രാജ്യം ആദരിച്ച കെ.വി റാബിയ എന്ന് മൻസൂർ പള്ളൂർ അഭിപ്രായപ്പെട്ടു. ഹോപ്പ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ജീവകാരുണ്യ മേഖലയിൽ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഫാക്കൽറ്റികളായ രാജു പോൾ, അൻവർ അബൂബക്കർ സി.വി അക്ബർ, ഹമീദ് ചാലിൽ എന്നിവർ സംസാരിച്ചു.