ഇന്നേ വരെ ജീവിതത്തിൽ ആലപ്പുഴ ജില്ല കണ്ടിട്ടുപോലുവില്ല; മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും

New Update

publive-image

Advertisment

മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത വ്യക്തിക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. മലപ്പുറം വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് ഹെൽമറ്റ് ധരിക്കാത്തിന് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്.

ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്‌കൂട്ടറിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ. ബൈക്കിൽ രണ്ടാളുകൾ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്. 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്.

കഴിഞ്ഞ മാസം രണ്ടിനാണ് നിയമലംഘനം നടത്തിയതെന്ന് നോട്ടീസിലുണ്ട്. നോട്ടീസിൽ നിയമ ലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും ശിവദാസന്റെതാണ്. എന്നാൽ കൂടെ കാണിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഇദ്ദേഹത്തിന്റെയല്ല.

കൂലിപ്പണിക്കാരനായ ശിവദാസൻ ബൈക്കിൽ ഇതുവരെ ജില്ലക്ക് പുറത്ത് പോയിട്ടില്ല. തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങനെയാണ് ആലപ്പുഴയിലെ സ്‌കൂട്ടറിൽ വന്നതെന്നറിയാൻ ശിവദാസൻ പൊലീസിൽ പരാതി നൽകാനിരിക്കുകയാണ്.

Advertisment