പൊന്നാനി: എസ് എച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ശൈഖ് മഖ്‌ദൂം ചർച്ചാ സംഗമവും അവാർഡ് ദാനവും 2022 മാർച്ച് 30 ബുധനാഴ്ച പൊന്നാനിയിൽ. എസ് ബി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 ന് പരിപാടി ആരംഭിക്കും.
വിശ്വ പ്രസിദ്ധ പണ്ഡിതനും ധീരദേശാഭിമാനിയും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം തങ്ങളുടെ 515 ആം വിയോഗ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി സുൽത്താനുൽ ഹിന്ദ് ഫൗണ്ടേഷൻ ആണ് ചർച്ചയും അവാർഡ് ദാനവും സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ വിവരിച്ചു.
"ശൈഖ് മഖ്‌ദൂമിന്റെ ലോകം" എന്നതാണ് ചർച്ചയുടെ വിഷയം. സ്വാതന്ത്ര്യത്തിനു വേണ്ടി മലബാറിലെ മാപ്പിളമാർ മുന്നിൽ നിന്ന് നയിച്ച ത്യാഗോജ്ജ്വല സമരങ്ങൾ അയവിറക്കുന്ന പ്രസിദ്ധ സാഹിത്യകാരൻ പി സുരേന്ദ്രൻ്റെ "1921 പോരാളികൾ വരച്ച ദേശഭൂപടം" എന്ന പുസ്തകത്തിനാണ് അവാർഡ്.
എസ് എച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശൈഖ് മഖ്‌ദൂം അവാർഡിന് ഇത്തവണ അർഹമായത് പി സുരേന്ദ്രന്റെ ഈ പുസ്തകമാണ്. പരിപാടി മുൻ മന്ത്രി ഡോ: കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദ് അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ വെച്ച് പി സുരേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങും.
മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊന്നാനി മഖ്‌ദൂം എം പി സയ്യിദ് മുത്തുകോയ തങ്ങൾ, മുൻ രാജ്യസഭാ അംഗം സി. ഹരിദാസ്, വലിയ ജുമാഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറി വി സയ്യിദ് മുഹമ്മദ് തങ്ങൾ, അഡ്വ. പി കെ ഖലീമുദ്ധീൻ, അഡ്വ. സുരേഷ് ബാബു. ഫൈസൽ ബാഫഖി തങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദ്, സിദ്ധിഖ് മൗലവി അയിലക്കാട്, വി പി ശംസുദ്ദീൻ ഹാജി, അബൂബക്കർ കടങ്ങോട്, ഷാജഹാൻ കാളാചാൽ, അബൂ നജീബ അൽ ഐൻ എന്നിവർ സംസാരിച്ചു.