ആദിവാസി സമൂഹത്തില്‍ വിദ്യാഭ്യാസം മാറ്റത്തിന്റെ ഉപാധിയായി മാറുന്നതായി പെരിന്തൽമണ്ണ സായി സ്നേഹതീരത്ത് നടന്ന 'സ്നേഹ സംഗമം' അഭിപ്രായപ്പെട്ടു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

പെരിന്തൽമണ്ണ: ഗോത്ര ജീവിതത്തിന്റെ പ്രശ്നവും പ്രതിസന്ധിയും ദാരിദ്ര്യവും കുറച്ചുകൊണ്ടുവരാൻ വിദ്യാഭ്യാസം മാറ്റത്തിന്റെ ഉപാധിയായി സ്വീകരിക്കപ്പെട്ടതായി പെരിന്തൽമണ്ണ സായി സ്നേഹതീരത്ത് നടന്ന സ്നേഹ സംഗമം അഭിപ്രായപ്പെട്ടു.

Advertisment

വ്യാപാര പ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായ പാറക്കോട്ടിൽ ഉണ്ണിയുടെ ശ്രമഫലമായി നടന്ന സൗഹൃദ പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറയിൽ പെട്ടവർ പങ്കെടുത്തു. 'ഒരു ജനകീയന്റെ ചവിട്ടടിപാത' എന്ന പുസ്തകത്തിന്റെ ചർച്ചയും നടന്നു. കെ. എസ്‌. ഹരിഹരൻ ആണ് പുസ്തകത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്.

മാനുഷിക ബന്ധങ്ങളും വ്യാപാരത്തിലെ സത്യസന്ധതയും മാത്രമല്ല മലകള്‍, പുഴകള്‍, കാർഷിക മേഖല എന്നിവ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത, സാഹോദര്യത്തെ മലിനമാക്കുന്ന ഘടകങ്ങള്‍, കൃഷിയെ എങ്ങനെ സ്നേഹിക്കാം, സഹജീവികളെ സഹായിക്കേണ്ടത് എങ്ങനെ തുടങ്ങി ജീവിതഗന്ധിയായ പല സാഹചര്യങ്ങളും ഒരു പാഠപുസ്തകം പോലെ ഈ ആത്മകഥാപരമായ രചനയിൽ വായിക്കാനാകുമെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ആത്മകഥയിലെ ഓരോ അധ്യായവും സ്നേഹ തീരത്തിലെ കുട്ടികൾ വായിക്കുകയും അവലോകനം നടത്തുകയും ചെയ്തു.

സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതക്കും ജന സേവനത്തിനും ഊന്നല്‍ നല്‍കി ട്രൈബൽ വിഭാഗത്തിലെ എഴുപതോളം കുട്ടികളെയാണ് പെരിന്തൽമണ്ണ സ്നേഹ തീരം സംരക്ഷിച്ചു വരുന്നത്.

ആദിവാസി ഊരുകളിൽ ജീവിത ദുരിതം തുടർക്കഥയാകുമ്പോഴും, വിദ്യാഭ്യാസത്തിനായി അവര്‍ തങ്ങളുടെ മക്കളെ ഇപ്പോൾ പ്രാപ്തരാക്കി തുടങ്ങി. അറിവ് ആയുധമാക്കി പോരാടാനുറച്ച പുതിയ തലമുറയിലെ കുട്ടികൾ ആദിവാസി സമൂഹത്തില്‍ മാറ്റത്തിന്റെ വക്താക്കളായി മാറുകയാണ്.

അത്തരമൊരു വിജയഗാഥയാണ്, പെരിന്തൽമണ്ണ സായി സ്നേഹതീരത്തിന്റെ പ്രവർത്തന നിയോഗം.വിദ്യാഭ്യാസം കൊണ്ടുമാത്രമേ ആദിവാസി സമൂഹത്തിന്റെ വികസനവും പുരോഗതിയും സാധ്യമാകൂ. പൊതുസമൂഹത്തിന്റ മോശം കാഴ്ചപ്പാട് മാറ്റിയെടുക്കാനും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴിൽപരമായും ശാക്തീകരിക്കപ്പെടാൻ വിദ്യാഭ്യാസം ആവശ്യമാണെന്ന് സ്നേഹ തീരത്തിന്റെ സാരഥികൾ വിശ്വസിക്കുന്നു.

സുമനസ്സുകളുടെ സഹായത്താലാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. മുൻ എംഎൽഎ ശശികുമാർ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നടത്തി.സായി സ്നേഹതീരം മുഖ്യ കോഡിനേറ്റർ കെ.ആർ രവി,ആമുഖഭാഷണം നടത്തി.

ഗ്രന്ഥകർത്താവ് കെ എസ് ഹരിഹരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എ.കെ. മുസ്തഫ, പെരിന്തൽമണ്ണ സ്റ്റാഡിങ്ങ് കമ്മറ്റി ചെയർമാൻ അമ്പിളി മനോജ്‌, രമേഷ് കോട്ടയപ്പുറത്ത്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കെ.സി. അബ്ദുൾ ലെത്തീഫ്, സായി സ്നേഹതീരം സ്റ്റുഡണ്ട് ലീഡർ എം.എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment