നിലമ്പൂർ: വനം വകുപ്പിന്റെ 500 വർഷം പഴക്കമുള്ള ഈട്ടിത്തടി വിൽപ്പനയ്‌ക്ക്. അരുവാക്കോട് വനം ഡിപ്പോയിലെ ഈട്ടിത്തടിയാണ് വിൽപ്പനയ്‌ക്ക് വെക്കാനൊരുങ്ങുന്നത്.ഗുണമേന്മയിൽ സി ഒന്ന് കയറ്റുമതി ഇനത്തിൽപ്പെട്ടതാണ് തടി. മെയ് പകുതിയോടെ ഈട്ടിത്തടി ലേലം ചെയ്യുമെന്ന് ഡിപ്പോ റേഞ്ച് ഓഫീസർ ഷെരീഫ് പനോലൻ വ്യക്തമാക്കി.
നല്ല റോസ് നിറമുള്ള ലക്ഷണമൊത്ത ഈട്ടിത്തടി 20 കൊല്ലത്തിനിടെ ആദ്യമായാണ് ഡിപ്പോയിൽ എത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തായ്‌ത്തടിക്ക് 6.9 മീറ്റർ നീളവും മദ്ധ്യഭാഗത്ത് 2.3 മീറ്റർ വണ്ണവും അടിഭാഗത്ത് 2.8 മീറ്റർ വണ്ണവുമുണ്ട്. മൊത്തം വ്യാസം 3.75 ഘനമീറ്റർ. ശിഖരങ്ങളുടെ ചെറുകഷ്ണങ്ങൾ ഫർണിച്ചർ നിർമാണത്തിന് ഉതകുന്നതാണ്.
അവയുടെ വില കൂടി കൂട്ടിയാൽ മൊത്തം 20 ലക്ഷം രൂപയിൽ കുറയില്ലെന്നാണ് കണക്കുകൂട്ടൽ. ഡിപ്പോയിൽ ഇതിനുമുമ്പ് സി ഒന്ന് കയറ്റുമതി ഇനം ഈട്ടിത്തടി ഘനമീറ്ററിന് 3.75 ലക്ഷം രൂപയ്‌ക്കാണ് ലേലത്തിൽ വിറ്റത്.ചെലവായ തുക, ജിഎസ്ടി എന്നിവ കുറച്ച് ബാക്കി പണം പൊതുമരാമത്ത് വകുപ്പിനുള്ളതാണ്.