കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ ട്രിൻ ബിസിനസ് സൊലൂഷന് വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രതിഷ് ആർ നായരും സഹ്യ കോളേജിന് വേണ്ടി വൈസ് പ്രസിഡണ്ട് കെ.ടി.എ മുനീറും ധാരണ പത്രം കൈമാറുന്നു
വണ്ടൂർ: പ്രവാസികളുടെ മുഖ്യ പങ്കാളിത്ത്വത്തോടെ വണ്ടൂരിൽ പ്രവർത്തിക്കുന്ന സഹ്യ ആർട്സ് ആന്റ് സയൻസ് കോളേജ് പുതിയ അംഗീകാരത്തിന്റെ നിർവൃതിയിൽ. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ലാംഗ്വേജ് അസസ്മെന്റിന്റെ ബിസിനസ്സ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് (ബിഇസി) കോഴ്സ് നടത്താനുള്ള ജില്ലയിലെ ഏക അംഗീകൃത ഏജൻസിയായി സഹ്യ തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ഏറെ ജോലി സാധ്യതകളുള്ള കോഴ്സ് ആണ് ഇത്.
ഇത് സംബന്ധിച്ചുള്ള ധാരണാ പാത്രത്തിൽ കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയുടെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ ട്രിൻ ബിസിനസ് സൊല്യൂഷൻ എന്ന സ്ഥാപനവുമായി വണ്ടൂർ സഹ്യ കോളേജും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
കോളേജ് വിദ്യാർത്ഥികൾക്കും പ്ലസ്ടു പാസ്സായവർക്കും മറ്റു ഉദ്യോഗാർത്ഥികൾക്കും ഏറെ ജോലി സാധ്യതയും വിദേശങ്ങളിലെ ഉപരിപഠനത്തിന് മുൻഗണന ലഭിക്കുവാൻ സഹായിക്കുന്ന, ഈ കോഴ്സ് നടത്താനുള്ള ജില്ലയിലെ ഒരേയൊരു പരീക്ഷ കേന്ദ്രമായി സഹ്യ കോളേജ് പ്രവർത്തിക്കും.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് ഈ കോഴ്സ് നടത്തുക. സഹ്യ കോളജിലെ വിദ്യാർത്ഥികൾക്ക് പുറമെ മറ്റു വിദ്യാർത്ഥികൾക്കും കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്.
ഇതോടപ്പം തന്നെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ ഇംഗ്ലീഷ് ഭാഷ ആയാസകരമായി പഠിക്കുവാൻ സഹായിക്കുന്ന യെങ് ലേണേഴ്‌സ് ഇംഗ്ലീഷ് (വൈഎല്‍ഇ) എന്ന പ്രത്യേക പാഠ്യപദ്ധതി ഉൾകൊണ്ട കോഴ്സുകൾ മലപ്പുറം ജില്ലയിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്നതിനുള്ള ജില്ലയിലെ കൺസൾട്ടന്റായും സഹ്യ ആർട്സ് ആൻറ് സയൻസ് കോളേജ് പ്രവർത്തിക്കുന്നതാണ്.
കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ ട്രിൻ ബിസിനസ് സൊലൂഷന് വേണ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജി.കെ ഗിരീഷ് ചന്ദ്രബാബുവും കോളേജിന് വേണ്ടി വൈസ് പ്രസിഡണ്ട് കെ.ടി.എ മുനീറും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എ സുധാകരൻ, ട്രിൻ ബിസിനസ് സൊലൂഷൻ സി.ഇ.ഒ പ്രതീഷ് ആർ നായർ, കോളേജ് പ്രസിഡന്റ് പാപ്പറ്റ കുഞ്ഞി മുഹമ്മദ്, സെക്രട്ടറി ശരീഫ് തുറക്കൽ, ഡയറക്ടർ കെ.ടി അബ്ദുള്ളക്കുട്ടി, സഹ്യ മെമ്പർ ഷിബു കൂരി, വൈസ് പ്രിൻസിപ്പാൾ പി.വി പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്പീകിംഗ് എക്‌സാമിനർ, സെനൻ മില്ലറ്റ് ഓറിയന്റേഷൻ ക്ലാസും നടത്തി.