പൊന്നാനി: ഇസ്‌ലാമിക് സർവീസ് സൊസൈറ്റി (ഐഎസ്എസ്) സ്ഥാപകാംഗവും റിട്ടയേഡ് അദ്ധ്യാപകനും വ്യാപാര പ്രമുഖനുമായ പടിഞ്ഞാറകത്ത് അബൂബക്കർ മാസ്റ്റർ (84) അന്തരിച്ചു. ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് ശേഷം ഖാസിം മൈതാനത്തിന് സമീപമുള്ള സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ വിഷമതകൾ ഉണ്ടായിരുന്നെങ്കിലും രാവിലെ വായിലൂടെ രക്തം സ്രവിച്ചതിനെ തുടർന്നായിരുന്നു മരണം.
പരേതരായ കൊങ്ങണം വീട്ടിൽ സൈനുദ്ധീൻ, പടിഞ്ഞാറകത്ത് മറിയക്കുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: സക്കീന കാട്ടിലകം. ഫൈസൽ (ദമ്മാം), ഉമർ ഫാറൂഖ് (കുവൈറ്റ്), സലാഹുദ്ധീൻ (ദുബായ്), ഖദീജ (ഷാർജ), ഹാറൂൺ, സലീം (ബ്രദേർസ്) എന്നിവർ മക്കളാണ്.
മരുമക്കൾ: ഷബ്‌ന അസീസ് എടവനക്കാട് (ദമ്മാം), പി കെ സൽമ പാലപ്പെട്ടി (എ എം എൽ പി സ്കൂൾ പള്ളപ്രം), സനിയ്യ വെളിയങ്കോട്, സക്കിയ കാഞ്ഞിരമുക്ക് (എ യു പി സ്കൂൾ പനമ്പാട്), ത്വാഹിറ എടരിക്കോട് (ഹെവൻസ് സ്കൂൾ, ചന്തപ്പടി), അൻസാർ പാനായിക്കുളം (ഷാർജ). സഹോദരങ്ങൾ: പരേതരായ പി സി അബ്ദുല്ല, സ്വാലിഹ്, ഫാത്തിമ്മക്കുട്ടി, നഫീസ.
ഫാറൂഖ് കോളേജിലെ മുൻ പ്രഫസറും ചന്ദ്രിക ദിനപത്രം മുൻ എഡിറ്ററുമായ പരേതനായ അബ്ദുൾറഹ്മാൻ ഭാര്യാപിതാവാണ്.
കടവല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്നു അബൂബക്കർ മാസ്റ്റർ. എടപ്പാൾ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, കുമരനെല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, തലശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിരുന്നു.
"പീ ടു മാസ്റ്റർ" എന്ന വിളിപ്പേരിലായിരുന്നു നാട്ടിൽ പരക്കെ അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിക - സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്നു. ദീർഘകാലം ഐ എസ് എസ് ജനറൽ സെക്രട്ടറിയും പിന്നീട് സ്കൂൾ കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. പൊന്നാനി ചന്തപ്പടിയിലെ പ്രസിദ്ധമായ ബ്രദേഴ്‌സ് ടെക്സ്റ്റോറിയം ഉടമയെന്ന നിലയിലും പ്രസിദ്ധനാണ്.
ഖബറടക്കം വൈകീട്ട് അഞ്ചിന് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.