മൊറയൂർ: കനത്ത മഴയിൽ മോങ്ങം ഹിൽട്ടോപ്പ് വളവിൽ കെട്ടിപ്പൊക്കിയ വൻമതിൽ തകര്‍ന്നു വീണു. 25 മീറ്ററോളം താഴ്ചയിൽ ഉണ്ടായിരുന്ന സ്ഥലം ക്രഷറിൽ നിന്നും ഒഴിവാക്കുന്ന വേസ്റ്റ് പൊടി ഉപയോഗിച്ച് റോഡിനൊപ്പം ഉയർത്തുവാൻ വേണ്ടി നിർമ്മിച്ച വൻമതിലാണ് കനത്ത മഴയിൽ തകർന്നു വീണത്.
സ്ഥലം റോഡിനൊപ്പം ഉയർത്തുവാൻ വേണ്ടിയാണ് ഉയരത്തിൽ മതിൽ നിർമ്മിച്ചത്. വീഴ്ചയിൽ മതിലും സമീപത്തുണ്ടായിരുന്ന തെങ്ങും കവുങ്ങും അടക്കമുള്ള വൃക്ഷങ്ങൾ തൊട്ടടുത്തുള്ള മന്നത്തൊടി ആമിനയുടെ വീടിന് മേലാണ് പതിച്ചത്. പുലർച്ചയാണ് സംഭവം എന്നുള്ളതിനാലും അടുക്കള ഭാഗത്തും മുറ്റത്തും പെരുമാറ്റം കുറവായതിനാലും ആളപായമുണ്ടായില്ല.
കെട്ടിപ്പൊക്കുവാൻ ഉപയോഗിച്ചിരുന്ന കോറി വേസ്റ്റുകൾ സമീപത്തുള്ള കൃഷിയിടങ്ങളും കിണർ അടക്കമുള്ള ശുദ്ധജല സ്രോതസ്സുകൾക്കും ഭീഷണിയാകും വിധം ഒഴുകിക്കൊണ്ടിരിക്കുകയാണ്.
വീട്ടുകാർ നിരന്തരം പഞ്ചായത്തിലും വില്ലേജിലും പരാതി കൊടുത്തിട്ടും അധികാരികൾ കാണിച്ച അനാസ്ഥയാണ് ഇത്രയും വലിയ അപകടം ഉണ്ടായത് എന്ന് സമീപവാസി കല്ലൻ നാജി പ്രതികരിച്ചു. വൻ ശബ്ദത്തിൽ മതിൽ തകരുകയും വീട്ടിൻ്റെ മേൽ പതിക്കുകയും ചെയ്തതിനാൽ വീട്ടുകാർ പരിഭ്രാന്തിയിലാണ്.