മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സക്കായി വരുന്ന രോഗികൾക്ക്, പരിക്കോ വാർദ്ധക്യമോ മറ്റു അസുഖങ്ങൾ കൊണ്ടോ നടക്കാൻ കഴിയാത്തവർക്ക്, വീൽചെയറിന്റെ അഭാവം മൂലം വാഹനത്തിൽ നിന്നും ഇറക്കി ഡോക്ടറെ കാണുവാൻ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യം മനസ്സിലാക്കി ക്കൊണ്ട് ഡിജിഎം എംഇഎസ് മമ്പാട് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് 2004-07 ബാച്ച് അലുമ്നി അസോസിയേഷൻ നാല് വീൽചെയറുകൾ മെഡിക്കൽ കോളേജിന് കൈമാറി.
ഫിസിക്സ് ഡിപ്പാർട്ട്മെൻറ് അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ആനത്താൻ അജ്മൽ വീൽചെയറുകൾ മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കെ വി നന്ദകുമാറിന് കൈമാറി. കുറഞ്ഞ ഭാരവും, മടക്കി ഉപയോഗിക്കാവുന്നതും, ഇരിക്കുമ്പോൾ സമ്മർദ്ദം കുറക്കാവുന്ന സീറ്റ് ബേസും, സീറ്റ് ബെൽറ്റും, ഫൂട്ട് റസ്റ്റും, വേഗത നിയന്ത്രിക്കുന്നതിന് ആവശ്യമായ ബ്രേക്കും ലോക്കും ഉള്ള സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക രീതിയിലുള്ള വീൽചെയറുകളാണ് കൈമാറിയിട്ടുള്ളത്.
വീൽചെയറിൻ്റെ കുറവുമൂലം പലപ്പോഴും രോഗിയെ കൊണ്ടുവരുന്ന വാഹനങ്ങളിൽ തന്നെ ഏറെ സമയം രോഗിയെ ഇരുത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുവാനും പരസഹായം ഇല്ലാതെ നടക്കാൻ കഴിയാത്ത രോഗികൾക്ക് ഡോക്ടറുടെ അടുത്ത് പെട്ടെന്ന് എത്തുന്നതിന് വലിയ ആശ്വാസമാകുവാനും പൂർവ്വ വിദ്യാർത്ഥികൾ ചെയ്ത മാതൃകാപരമായ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കും എന്ന് വീൽചെയർ ഏറ്റുവാങ്ങിക്കൊണ്ട് ഡോക്ടർ നന്ദകുമാർ കെ വി പറഞ്ഞു.
മെഡിക്കൽ കോളേജ് ആർഎംഒ ഡോ സഹീർ നെല്ലിപ്പറമ്പൻ, എം ഇ എസ് മമ്പാട് കോളേജ് അലുമ്നി എക്സിക്യൂട്ടീവ് അംഗം പി കെ തസ്ലീം ആരിഫ്, ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് അലുമ്നി എക്സിക്യൂട്ടീവ് അംഗം അസ്ലം എൽ എസ്, മെഡിക്കൽ കോളേജ് സെക്യൂരിറ്റി സർജന്റ് അയ്യപ്പ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.