പൊന്നാനി: വഖഫ് ബോർഡ് സംബന്ധിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ ഒരു സബ്മിഷന് മറുപടിയായി നടത്തിയ പ്രഖ്യാപനം മുസ്ലിം സമുദായത്തിന്റെ അക്കാര്യത്തിലെ ആശങ്ക അകറ്റുന്നതാണെന്നതിനാൽ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു.
ഇതുസംബന്ധിച്ച് ഇടത് സർക്കാരിന്റെ ആദ്യ തീരുമാനത്തിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക ചൂണ്ടികാണിച്ചു കൊണ്ട് താൻ ഉൾപ്പെടയുള്ളവർ പൊന്നാനി ജനകീയ സമിതിയുടെ ബാനറിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചിരുന്ന കാര്യം അദ്ദേഹം പരാമർശിച്ചു.
വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുക എന്ന കാര്യം എടുത്തുകാട്ടി ഉദ്യോഗസ്ഥനിയമനം സർക്കാർ പി എസ് സിക്ക് വിട്ടിരുന്നു. ഇത് മുസ്ലിംകളിലെ എല്ലാ വിഭാഗങ്ങളുടെയും നേതാക്കളും എതിർപ്പിന് ഇടയാക്കിയിരുന്നു.
ഇക്കാര്യത്തിലുള്ള ആശങ്കകള്‍ അകറ്റി തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തണമെന്നതുൾപ്പെടയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് തിരൂരിൽ വെച്ച് പൊന്നാനി ജനകീയ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചത്.
ഇത് സംബന്ധിച്ച് ചേർന്ന മുസ്ലിം മതനേതാക്കളുടെ സംയുക്ത യോഗത്തിലെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിക്കുകയാണെന്നും നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
മുസ്‌ലിം സംഘടനകളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം മാറ്റുന്നതെന്നും യോഗത്തിലുയര്‍ന്നു വന്ന അഭിപ്രായം കൂടി പരിഗണിച്ചുമാത്രമേ ഇക്കാര്യത്തില്‍ തുടർ തീരുമാനമെടുക്കൂവെന്നും അന്നുതന്നെ വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്നുള്ള നിയമഭേഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലിം സംഘടനകളുടെയും നേതാക്കളുടെയും യോഗത്തിൽ ഉയർന്ന് വന്ന ആവശ്യങ്ങൾക്ക് ചെവികൊടുക്കുകയും ഇക്കാര്യത്തിൽ വാക്ക് പാലിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാട് മാതൃകാപരമാണെന്ന് ഖാസിം കോയ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന വ്യാപകമായ സ്വീകാര്യതയാണ് നേടിക്കൊണ്ടിരിക്കുന്നത്. പൊന്നാനി ജനകീയ കൂടായ്മ കണ്‍വീനര്‍ കെ സിദ്ധീഖ് മൗലവി അയിലക്കാട്, ഹനീഫ മുസ്ലിയാര്‍, കെഎം ഇബ്രാഹിം ഹാജി എന്നിവരും മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ച സംഘത്തിൽ ഉണ്ടായിരുന്നു.