മൊറയൂർ:നാക്ക് (എന്‍എഎസി) ആക്രിഡിറ്റേഷനിൽ എ പ്ലസ് (A+) ലഭിച്ച ഇന്ത്യയിലെ ഏക വനിതാ അറബിക്ക് കോളേജായ അൻവാറുൽ ഇസ്ലാമിക് വിമൻസ് അറബിക് (എഐഡബ്ല്യുഎ) കോളേജിനെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങ് മുൻ ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും വേണോ എന്ന് ചിന്തിച്ചിരുന്ന ഒരു കാലത്ത്, സ്ത്രീകൾക്ക് മാത്രമായി ഒരു കോളേജ് നിർമ്മിക്കുവാൻ വേണ്ടി തൻ്റെ സമ്പാദ്യം വിട്ടുകൊടുത്തു കാലത്തിനു മുമ്പേ സഞ്ചരിച്ച കോളേജ് സ്ഥാപക മാനേജർ കൂടിയായ മർഹൂം ടി.പി അയമു ഹാജി പോലെയുള്ളവരുടെ ദീർഘവീക്ഷണമുള്ള നേതാക്കന്മാരുടെ സംഭാവനയാണ് സ്ത്രീ ശാക്തീകരണം നാട്ടിൽ നടപ്പിലാക്കുവാൻ സാധിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരുവാൻ സ്ഥാപനങ്ങൾക്ക് കഴിയേണ്ടതുണ്ട്. പൊതുജന പങ്കാളിത്തത്തോടു കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും നാട്ടിലെ കലാലയങ്ങളിൽ ലഭ്യമായാൽ വിദേശ രാജ്യങ്ങളിലുള്ള യൂണിവേഴ്സിറ്റികളിലേക്കുള്ള വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനാവും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അജ്മൽ ആനത്താൻ അധ്യക്ഷത വഹിച്ചു. എഐഡബ്ല്യുഎ കോളേജ് പ്രിൻസിപ്പൽ ഡോ. ജൂബൈലിയ പി മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി അംഗം സക്കീർ പുല്ലാര, ഡിസിസി ജനറൽ സെക്രട്ടറി പി.പി ഹംസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ, കോളേജ് സ്റ്റാഫ് സെക്രട്ടറി പ്രൊഫ. റസീന, കെപിസിടിഎ പ്രസിഡൻ്റ് ഡോ. സഹദ്, കെപിസിടിഎ സെക്രട്ടറി ഡോ. ജാഫർ, കെഎസിഎംഎസ്എ ജില്ലാ കൗൺസിൽ അംഗം ടി.പി മുഹമ്മദ്, ഡിസിസി മെമ്പർ ടി കുഞ്ഞുമുഹമ്മദ്, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അബൂബക്കർ ഹാജി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.പി യൂസഫ്, സി.കെ നിസാർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ആനക്കച്ചേരി മുജീബ്, മാളിയേക്കൽ കുഞ്ഞു, ടി.പി സലിം മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫായിസാ മുഹമ്മദ് റാഫി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേര്‍ന്നു.