12 മണിക്കൂർ; 4500 കിക്കുകൾ... ഗിന്നസ് വേൾഡ് റിക്കോർഡ് ബുക്കിൽ മലപ്പുറം

New Update

publive-image

മഞ്ചേരി:സന്തോഷ് ട്രോഫിക്കു പിന്നാലെ ഫുട്ബോളിന്റെ മറ്റൊരു ആവേശക്കുതിപ്പിനുകൂടി വേദിയായി മഞ്ചേരി പയ്യനാട് സ്റ്റേഡിയം. പന്ത്രണ്ട് മണിക്കൂറിൽ 4500 പെനാൽറ്റി കിക്കെടുത്ത് കളിക്കമ്പത്തിന്റെ ഹൃദയഭൂമിയായ മലപ്പുറം ഗിന്നസ് റെക്കോഡിലേക്ക് കടന്നുകയറി.

Advertisment

കായികവകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാവിലെ 7.30-ന് തുടങ്ങിയ 'ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ട് ' രാത്രി 7.30 വരെ തുടർന്നു. അവസാന കിക്ക് വലയിലെത്തിച്ച് കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ് ജില്ലയെ ഗിന്നസ്‌ റെക്കോഡിൽ അടയാളപ്പെടുത്തിയത്.

പന്ത്രണ്ട് മണിക്കൂറിനുള്ളിൽ 2500 കിക്കുകളായിരുന്നു ഈ വിഭാഗത്തിൽ റെക്കോഡായി ഉണ്ടായിരുന്നത്. ഷൂട്ടൗട്ട് തുടങ്ങി ആറുമണിക്കൂർ പിന്നിട്ടപ്പോൾതന്നെ മൂവായിരം കിക്കുകൾ പൂർത്തിയാക്കി ഇത് മറികടന്നു. ജില്ലയിലെ വിവിധ സ്‌പോർട്‌സ് അക്കാദമികളിൽനിന്നുള്ള വിദ്യാർഥികളും പോലീസുകാരും കിക്കുകളെടുത്തു.

അവസാന മണിക്കൂറുകളിൽ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പൊതുജനങ്ങളും പങ്കെടുത്തു. ഗ്രൗണ്ടിൽ ഒരേസമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.

ഗിന്നസ് ബുക്ക് അധികൃതരുടെ മേൽനോട്ടത്തിലാണ് കിക്കുകളെടുത്തത്. വിവിധ ആംഗിളുകളിൽനിന്ന് ഡ്രോൺ ഉൾപ്പെടെയുള്ള ക്യാമറകളുടെ നിരീക്ഷണത്തിലായിരുന്നു ഉദ്യമം. ഗോൾലൈനിലെ ഗോൾകീപ്പറുടെ ചലനമുൾപ്പെടെ ഫിഫ നിർദേശിക്കുന്ന മുഴുവൻ നിയമങ്ങളും പാലിച്ചുകൊണ്ടാണ് ഓരോ പെനാൽറ്റിയും പൂർത്തിയാക്കിയത്.

ഗിന്നസ് വേൾഡ് റെക്കോഡ്‌ പ്രതിനിധി ഋഷിനാഥ്, കോ-ഓർഡിനേറ്റർ ഷൈലജ ഗോപിനാഥ് എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി. സമാപനസമ്മേളനത്തിൽ മന്ത്രി വി.അബ്ദുറഹ്‌മാൻ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Advertisment