പൊന്നാനി: മസ്‌ജിദ് മുസമ്മിൽ ഇജാബയിൽ അരങ്ങേറിയ രിഫാഈ ശൈഖ് റാത്തീബ് മജ്‌ലിസ് ദൈവീക, പരലോക വിചാരങ്ങളാൽ ആത്മീയ സാന്ദ്രമായി. ഡോ.കോയ ഉസ്താദ് കാപ്പാട് നേതൃത്വം നൽകിയ നിശാ മജ്‌ലിസ് ആത്മീയ ഗുരുക്കളായ മുൻഗാമികളെ പിൻപറ്റിയും സന്മാർഗ ബോധത്തോടെയുമുള്ള ജീവിതം നയിക്കാൻ അനുവാചകരെ ഉൽബോധിപ്പിച്ചു.
ശരീരത്തിനുള്ളിലുള്ള ഹൃദയം എന്ന വലിയ ഫാക്ടറി പടച്ചവനെ ചിന്തിച്ചു കൊണ്ട് മാത്രം പ്രവർത്തിപ്പിക്കുകയെന്നതാണ് ജീവിത വിജയത്തിനുള്ള സമ്പാദ്യമെന്ന് പരിപാടിയിൽ പ്രഭാഷണം നിർവഹിച്ചു കൊണ്ട് മസ്‌ജിദ് മുസമ്മിൽ ഇജാബ മുതവല്ലിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയ ഉൽബോധിപ്പിച്ചു.
വി സയ്യിദ് മുഹമ്മദ് തങ്ങൾ, വലിയ ജുമാഅത്ത് പള്ളി ഇമാം അബ്ദുള്ള ബാഖവി ഇയ്യാട്, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെ.വി അബ്ദുൽ നാസർ, യഹിയാ നഈമി, ഇസ്മായിൽ അൻവരി, റഫീഖ് സഅദി, ഉസ്മാൻ സഖാഫി, പി ശാഹുൽ ഹമീദ് മൗലവി, കെ ഫസൽ റഹ്മാൻ മുസ്‌ലിയാർ, ഉബൈദുല്ലാ സഖാഫി, യാസിർ ഇർഫാനി എന്നിവർ ഉൾപ്പെടെ വലിയ സദസ്സ് പരിപാടിയ്ക്ക് സാക്ഷ്യം വഹിച്ചു. കൂടാതെ, യു ടുബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത റാത്തീബ് മജ്‌ലിസ് ലൈവ് ആയി ആയിരങ്ങൾ കാണുകയും ചെയ്തു.
തെക്കേ പൊന്നാനിയിലെ മസ്‌ജിദ് മുസമ്മിൽ ഇജാബയോട് അനുബന്ധമായി പ്രവർത്തിക്കുന്ന അമ്പിയാ മുർസൽ നേർച്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു രിഫാഈ റാത്തീബ് - മദ്ഹ് മജ്‌ലിസ്.