വിളക്കത്തിരുന്ന് ബറകത്ത് നേടാൻ സഖാഫി ബിരുദധാരികൾ; "ഇൽമ്" തേടി ഇന്നും തുടരുന്ന പൊന്നാനി തീര്‍ത്ഥാടനം...

New Update

publive-image

പൊന്നാനി: ആധുനികകാല കേരളത്തിലെ അത്യുന്നത ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ കാരന്തൂർ ജാമിഅ മർകസിലെ വിദ്യാർഥികൾ പുരാതനകാലം മുതൽക്കേ വിജ്ഞാന സ്രോതസ്സായ പൊന്നാനിയിൽ "ഇൽമ്" പുണ്യം തേടിയെത്തിയത് രോമാഞ്ചജനകമായി. കാരന്തൂർ ജാമിഅ മർകസിലെ ഫൈനൽ വർഷ വിദ്യാർത്ഥികളും അധ്യാപകരുമാണ് പൊന്നാനിയിലേയ്ക്ക് വിജ്ഞാന തീർത്ഥാടനം നടത്തി അനുഗ്രഹീതരായത്.

Advertisment

അഞ്ചുനൂറ്റാണ്ട് കാലത്തെ ആത്മീയ്യ വിജ്ഞാന പ്രസരണത്തിന്റെ പ്രഭവ കേന്ദ്രമാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി. പള്ളി സ്ഥാപിച്ച ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം ഏർപ്പെടുത്തിയ "വിളക്കത്തിരിക്കൽ" മതവിദ്യാഭ്യാസത്തിന്റെ സുകൃത നടപടിയായിരുന്നു. പള്ളിയിലെ തൂക്കു വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചും പറഞ്ഞു കൊടുത്തുമായിരുന്നു മതവിദ്യാഭ്യാസം കേരളത്തിൽ വ്യാപിച്ചത്. ഇന്നും വെളിച്ചം വിതറി അവിടെ തൂങ്ങുന്ന വിളക്കിനെയും "വിളക്കത്തിരിക്കൽ" പഠനത്തെയും ആദരവോടെയാണ് മുസ്ലിം കേരളം കാണുന്നത്.

മതവിജ്ഞാനം തേടി പൊന്നാനിയിലേക്കുള്ള തീർത്ഥയാത്രയാണ് കാരന്തൂർ മർകസിലെ വിദ്യാർത്ഥികളും അധ്യാപകരും സാർത്ഥകമാക്കിയത്. ഈ വർഷം സഖാഫി ബിരുദം കരസ്ഥമാക്കുന്ന നാനൂറോളം വിദ്യാർത്ഥികളാണ് പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചത്.

നിരവധിയായ മാഹാരഥന്മാരായ മഹത്തുക്കള്‍ ഓതിപഠിച്ച പൊന്നാനി പഴമയുടെ പൈതൃകം വിളിച്ചോതുന്ന ആത്മീയ ഇടമമാണ്. ഇന്നും കേരളത്തിലെ പ്രബല മത ബിരുദ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഈ ആത്മീയ അനുഭൂതി നുകരാൻ പൊന്നാനിയിലെത്താറുണ്ട്.

publive-image

വിളക്കത്തിരിക്കൽ ചടങ്ങിന് സമസ്ത കേരള ജംഈയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകി. അഹ്മദ് കുട്ടി മുസ്‌ലിയാർ കാട്ടിപ്പാറ, കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മറ്റി മെമ്പർ കെ എം മുഹമ്മദ് കാസിം കോയ, പൊന്നാനി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സെയ്ദ് മുഹമ്മദ് തങ്ങൾ, പൊന്നാനി മഖ്‌ദൂം എം.പി.മുത്തു കോയ തങ്ങൾ, വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി, വലിയ പള്ളി ഖത്തീബ് അബ്ദുള്ള ബാഖവി ഇയ്യാട്, കുഞ്ഞുമുഹമ്മദ് സഖാഫി, മുഹ് യിദ്ധീൻ സഅദി, ബഷീർ സഖാഫി, സയ്യിദ് ജസീൽ തങ്ങൾ, തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

വർഷങ്ങളായി മർകസ് വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണം നൽകുന്ന വലിയ പള്ളി കമ്മറ്റി അംഗങ്ങളെ മർകസ് ഉസ്താദുമാർ റഈസുൽ ഉലമ ഉസ്താദിന്റെ നേതൃത്വത്തിൽ ആദരിച്ചു. മർകസ് ഉസ്താദുമാർക്ക് പൊന്നാനി വലിയ പള്ളി കമ്മറ്റിയുടെ ആദരവും ചടങ്ങിൽ നൽകി.

Advertisment