പൊന്നാനി: രാജ്യാന്തര നിലവാരത്തോടെ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ച ബെൻസി പോളിക്ലിനിക് ഐ സി യു - എൻ ഐ സി യു സജ്ജീകൃതമായ ക്രിട്ടിക്കൽ ഹെൽത്ത് കെയർ ആംബുലൻസ് സർവീസിന് തുടക്കം കുറിച്ചു. ക്ലിനിക് വളപ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സംസ്ഥാന ന്യൂനപക്ഷ, ഹജ്ജ്, വഖഫ്, കായിക മന്ത്രി വി അബ്ദുൾറഹ്മാൻ ആംബുലൻസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെ പൊന്നാനിയിലെ അധ്വാനിക്കുന്ന വിഭാഗങ്ങൾക്കും സാധാരണ ജനങ്ങൾക്കും ബെൻസിക്ലിനിക്കും മാതൃസ്ഥാപനമായ അക്ബർ ഗ്രൂപ്പും ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന പുതിയ സംരംഭങ്ങൾ അനുഗ്രഹമാവുമെന്ന് ആംബുലൻസിന് തുടക്കമിട്ടു കൊണ്ട് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സഞ്ചരിക്കുന്ന ഐ സി യു എന്ന് വിശേഷിപ്പിക്കാവുന്ന ആംബുലൻസ് പൊന്നാനിയെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണെന്നും ഏറ്റവും മികച്ച ആരോഗ്യ പരിപാലനം മിതവായ സാമ്പത്തിക ബാധ്യതയിൽ തന്റെ നാട്ടുകാർക്കും ലഭ്യമാക്കുകയെന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ആംബുലൻസ് സർവീസ് തുടങ്ങുന്ന വേളയിൽ അക്ബർ ഗ്രൂപ്പ് മേധാവി കെ വി അബ്ദുൾനാസർ ഒരു സന്ദേശത്തിലൂടെ വ്യക്തമാക്കി.
സേവന, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സുകൃതം ചെയ്ത നാടായ പൊന്നാനിയിൽ താഴേക്കിടയിലുള്ളവർക്ക് അഭയവും ആശ്രയവുമാണ് അക്ബർ ഗ്രൂപ്പും അതിന്റെ മേധാവിയും എന്നതാണ് തന്റെ അനുഭവമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ച സാഹിത്യകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പടപ്പുകളെ സ്നേഹിക്കുന്നവരായി നിലകൊള്ളുന്നതിലൂടെ പടച്ചവൻ സ്നേഹിക്കുന്നവരിൽ ഉൾപ്പെടാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബെൻസി പോളിക്ലിനിക് സമീപ ഭാവിയിൽ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി മാറുകയും നാട്ടിന് അനുഗ്രഹമാവുകയും ചെയാൻ ആലങ്കോട് ഭാവുകം നേർന്നു.
ശബാന ആസ്മി (വാര്‍ഡ് കൗസിലര്‍), അന്‍ഷദ് ഒ.ഐ (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍), ഷെരീഫ് ഗുരുവായൂര്‍ (സ്റ്റേറ്റ് ആംബുലന്‍സ് ഓണേര്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട്), ബെന്‍സി പോളിക്ലിനിക് ഡോക്ടര്‍മാരായ ഡോ. അഫീദ് ഇബ്രാഹിം, ഡോ. ഹസീന കെ എം (ഫാമിലി ഫിസിഷ്യന്‍), ഡോ. നാലിറ തെസ്‌നിം (റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍), കര്‍മ ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇത്രയും അത്യാധുനിക സജ്ജീകരങ്ങളോടെയുള്ള ആംബുലൻസ് സംസ്ഥാനത്താകെ തന്നെ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ എന്ന് ബെൻസി പോളിക്ലിനിക് അധികൃതർ വിശദീകരിച്ചു. ആരോഗ്യ രംഗത്തെ പൊന്നാനിയുടെ പോരായ്മ നികത്തുന്ന സമ്പൂർണ പോളിക്ലിനിക്കിനൊപ്പം സർവ്വസജ്ജമായ ആംബുലൻസ് കൂടി സർവീസിന് ഇറങ്ങിയതോടെ പൊന്നാനിയ്ക്ക് ആരോഗ്യ രംഗത്ത് മുമ്പില്ലാത്ത ആത്തധൈര്യവും കരുത്തും കൈവന്നതായാണ് നിരീക്ഷണം.
പൊതുപ്രവർത്തകൻ എം എ അയൂബ് അധ്യക്ഷനായിരുന്നു. നേരത്തേ രശ്മി സ്വാഗതം പറഞ്ഞു. പി ആർ ഓ അശ്വിൻ നന്ദി രേഖപ്പെടുത്തി.