പൊന്നാനി:കേരളത്തിൽ വർഗീയ രാഷ്ട്രീയം വിലപോവാത്തത് സംസ്ഥാനത്തെ സാമൂഹ്യ രാഷ്ട്രീയ ബോധത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആഴത്തിലുള്ള സ്വാധീനവും ശക്തമായ സാന്നിധ്യവും കൊണ്ടാണെന്ന് സിപിഎം സംസ്ഥാന നേതാക്കൾ വിശദീകരിച്ചു.
പ്രസ്തുത അവസ്ഥ കൂടുതലായി ആവശ്യപ്പെടുന്ന സാഹചര്യമാണ് ദേശീയ തലത്തിൽ നിലനിൽക്കുന്നതെന്നും അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ഇടതുപക്ഷ മുന്നണിയും അതിനു നേതൃത്വം നൽകുന്ന സി പി എമ്മും. ഇടതു പക്ഷത്തെ തളർത്തിയാൽ സംസ്ഥാനം കയ്യിലൊതുക്കാമെന്നതാണ് സംഘപരിവാർ സ്വപ്നം കാണുന്നത്. എന്നാൽ അതിന് നാം സമ്മതിക്കരുതെന്നു നേതാക്കൾ ആഹ്വാനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും വർഗീയതയ്ക്കുമേന്തിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പൊന്നാനിയിൽ നൽകിയ സ്വീകരണ സമ്മേളനത്തെ അഭിമുഖീകരിക്കുകയായിരുന്നു നേതാക്കൾ. കുണ്ടുകടവ് ജംക്ഷനിൽ സജ്ജീകരിച്ച പ്രത്യേക സമ്മേളന നഗരി കവിഞ്ഞൊഴുകിയ ജനാവലി ഇടതുപക്ഷം നേതാക്കളുടെ ആനുകാലിക രാഷ്ട്രീയ വിശദീകരണം കയ്യടിച്ചു എതിരേറ്റു.
കേരളത്തിലെ ഒരു ജില്ലയിലെ പകുതി മാത്രം ജനസംഖ്യയുള്ള ചെറിയ സംസ്ഥാനങ്ങൾക്ക് നൽകുന്ന ബജറ്റ് വിഹിതം മാത്രമേ കേരള സംസ്ഥാനത്തിന്നാകെ ബി ജെ പിയുടെ കേന്ദ്ര സർക്കാർ അനുവദിക്കുന്നുള്ളൂ എന്നും ഇതിനു അവരെ പ്രേരിപ്പിക്കുന്നത് ബി ജെ പി കൊണ്ടുനടക്കുന്ന വിദ്ദ്വേഷ രാഷ്ട്രീയ സാമൂഹ്യ വീക്ഷണം അപ്പാടെ തള്ളിക്കളയുന്ന നിലപാടാണ് കേരളം ഇതുവരെയും കൈകൊണ്ടിട്ടുള്ളതെന്നതാണെന്നും പൊന്നാനിയിലെ സ്വീകരണ സമ്മേളനത്തിൽ സംസാരിച്ചു ജാഥാംഗങ്ങളായ സി പി എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവർ ചൂണ്ടിക്കാട്ടി.
ജാഥാ ക്യാപ്റ്റനെ പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് സ്വീകരിച്ച് ആനയിച്ചു. 360 വളണ്ടിയർമാരും, നിരവധി പ്രവർത്തകരും അനുഗമിച്ചു.
സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലിമുദ്ധീൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ മാസ്റ്ററെ ജില്ല കമ്മിറ്റി അംഗം ഇ സിന്ധു, മുൻ സെക്രട്ടറി എ കെ മുഹമ്മദുണ്ണി, സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം ഉസ്താദ് കെ എം ഖാസിം കോയ, പ്രഭാഷകൻ പ്രേം കുമാർ എന്നിവർ ഹാരമണിയിച്ച് സ്വീകരിച്ചു.
നേരത്തേ മണ്ഡലം സെക്രട്ടറി ടി സത്യൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം നന്ദിയും നേർന്നു. പൊന്നാനിയിൽ നിന്നും തുടങ്ങിയ ആ ദിവസത്തെ യാത്രയിൽ തവന്നൂർ, വളാഞ്ചേരി, അങ്ങാടിപ്പുറം, മഞ്ചേരി എന്നീ കേന്ദ്രങ്ങളിലും ജനകീയ പ്രതിരോധ യാത്ര സ്വീകാര്യങ്ങളേറ്റു വാങ്ങി.
"പുനർഗേഹം" പദ്ധതിയിലൂടെ വീട് ലഭിച്ച മുപ്പതിലേറെ കുടുംബങ്ങൾ വേദിയിലെത്തി
മത്സ്യമേഖലക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പന്ത്രണ്ടുകോടി ചെലവിൽ 128 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ലാറ്റുകളാണ് മത്സ്യത്തൊഴിലാളികൾക്ക് ഇതിനകം നൽകിയത്.
14 കോടി ചിലവിൽ 100 കുടുംബങ്ങൾക്കുകൂടി താമസിക്കാവുന്ന ഭവനസമുച്ചയത്തിന്റെ പണി മാർച്ചിൽ ആരംഭിക്കും. തിരുവനന്തപുരം വലിയതുറയിൽ നിർമിച്ച രീതിയിലാണ് ഇത്. മലിനജലപ്രശ്നത്തിന് പരിഹാരമായി ഒന്നര കോടി ചെലവിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം തുടങ്ങിയതായും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു.
‘പുനർഗേഹം’ പദ്ധതിയിൽ പാർപ്പിടം ലഭിച്ച മുപ്പതിലേറെ കുടുംബങ്ങളാണ് പൊന്നാനിയിലെ സ്വീകരണ വേദിയിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ മാസ്റ്ററെ കാണാനെത്തിയത്. പൊന്നാനി ഹാർബറിലെ മത്സ്യത്തൊഴിലാളി ഫ്ലാറ്റിൽ താമസിക്കുന്നവരാണിവർ. 128 കുടുംബങ്ങളാണ് കടലിനെ ഭയക്കാതെ ഈ ഫ്ലാറ്റുകളിൽ കഴിയുന്നത്. കടലിലായതിനാൽ സ്വീകരണത്തിനെത്താൻ കഴിയാത്തവരുമേറെ.
പലഹാരങ്ങൾ മധുരം പകർന്ന പൊന്നാനിയിലെ സ്വീകരണം
നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് ജാഥയെ വരവേൽക്കാൻ കാലേകൂട്ടി നഗരിയിൽ നിറഞ്ഞത്. റെഡ് വളണ്ടിയർമാരുടെ മാർച്ചും സ്വീകരണ പരിപാടിയെ ചുവന്നു തുടുത്തതാക്കി. വലിയ ആൾകൂട്ടം ഉണ്ടായിട്ടും റോഡിലൂടെയുള്ള ഗതാഗതമോ ജനസഞ്ചാരമോ വലിയ തസ്സമില്ലാതെ നീങ്ങി. തിരക്ക് ക്രമീകരിക്കാൻ റെഡ് വളണ്ടിയർമാരും ചുവപ്പു ഹാറ്റ് അണിഞ്ഞ പ്രവർത്തകരും വഴിയോരങ്ങളിൽ ഉണ്ടായിരുന്നു.
‘അപ്പങ്ങളെമ്പാടും’ വനിതാ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തകർ ഒരുക്കിയ പൊന്നാനി വിഭവങ്ങൾ നൽകി ജാഥാ നായകനെയും സഹപ്രവർത്തകരെയും എതിരേറ്റത് കേരളം ഉടനീളം സഞ്ചരിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ലഭിക്കുന്ന വേറിട്ട അനുഭവമായി. വേദിയിലെത്തിയ ജാഥാംഗങ്ങൾക്കു ഇരുപത്തിയഞ്ച് അംഗങ്ങൾ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ പ്രവർത്തകരായ റസീനയും സീനത്തും ഉൾപ്പെടയുള്ളവർ നൽകിയ പലഹാരങ്ങളിൽ നിന്ന് "കോഴിയട" തിരഞ്ഞെടുത്തു ചവച്ചിറക്കിയ ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു: "ഹാവൂ, ഇത് നല്ല ടേസ്റ്റ്!".