ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും

New Update

 

Advertisment

publive-image

പരപ്പനങ്ങാടി: മലപ്പുറത്ത് ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു കോടതി. ഒഡിഷയിലെ നവരംഗ്പുർ സ്വദേശിയായ ഹേമദാർ ചലാന (24) യാണ് പ്രതി. രണ്ട് വകുപ്പുകളിലായി തിരൂർ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

കർണാടകക്കാരിയായ പെൺകുട്ടി മാതാപിതാക്കളോടെപ്പം 2021 ജൂണിൽ വള്ളിക്കുന്ന് കൊടക്കാടുള്ള ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് സംഭവം. സമീപത്ത് താമസിച്ചിരുന്ന പ്രതി അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാനായി കുട്ടിയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയതതായി പൊലീസ് പറഞ്ഞു. പിഴ അടയ്ക്കുന്ന പക്ഷം അതിൽ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാൻ കോടതി വിധിച്ചു. തിരൂർ പ്രത്യേക അതിവേഗ കോടതി ജഡ്ജി സിആർ ദിനേശ് ആണ് ശിക്ഷ വിധിച്ചത്.

പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഹണി കെ ദാസ്, താനൂർ ഡിവൈഎസ്പി ആയിരുന്ന എംഐ ഷാജി എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ആയിഷ പി ജമാൽ, അഡ്വ. അശ്വിനി കുമാർ എന്നിവർ ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

Advertisment