14-കാരന്‍ ബൈക്ക് ഓടിച്ചു : പിതാവിനും വാഹന ഉടമയായ യുവതിക്കും തടവും പിഴയും

New Update

publive-image

മലപ്പുറം: പതിനാലു വയസുകാരൻ ബൈക്ക് ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീറി(55)ന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 25,000 രൂപയാണ് പിഴയായി ശിക്ഷ വിധിച്ചത്. വാഹന ഉടമയായ കല്പകഞ്ചേരി ഫൗസിയ(38)ക്ക് 5000 രൂപ പിഴയാണ് ശിക്ഷ ലഭിച്ചത്.

Advertisment

ഇരുവർക്കും വൈകിട്ട് അഞ്ചു മണി വരെ തടവ് ശിക്ഷയും കോടതി നൽകി. കോടതിയില്‍ പിഴയൊടുക്കി, അഞ്ച് മണിവരെ തടവ് ശിക്ഷയും അനുഭവിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. 2022 സെപ്തംബര്‍ ഒന്നിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ യുവതിയുടെ ബൈക്കുമായി പതിനാലുകാരനായ വിദ്യാര്‍ത്ഥി മാമ്പ്ര കടുങ്ങാത്തുകുണ്ട് റോഡിലൂടെ പോകുകയായിരുന്നു.

പ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്ന മലപ്പുറം എന്‍ഫോഴ്‌സ്‌മെന്‍റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിയെ കൈകാട്ടി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയായില്ലെന്നും ലൈസന്‍സില്ലെന്നും കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കുട്ടിയുടെ രക്ഷിതാവിനും ആര്‍ സി ഉടമയ്ക്കും എതിരെ 1988-ലെ മോട്ടോര്‍വാഹന വകുപ്പിലെ 180, 199 എ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

Advertisment