/sathyam/media/post_attachments/z69y6dqW222ZvOLR7tsg.jpg)
പെരിന്തൽമണ്ണ: മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളിലും കോളജുകളിലും പ്രവേശനം ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച യുവാവ് അറസ്റ്റിൽ. കുന്നക്കാവ് കോലോത്തൊടി വീട്ടിൽ മുഹമ്മദ് മുബീനാണ് (34) അറസ്റ്റിലായത്.
പെരിന്തൽമണ്ണയിൽ കെ.എ.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാൾ. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ ബി.എഡ് അടക്കമുള്ള കോഴ്സുകളിൽ ചേരുന്നതിന് വിദ്യാർത്ഥികൾ പണം നൽകിയിരുന്നു. എന്നാൽ, പ്രവേശനം ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾ മുബീനെ സമീപിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു.
പെരിന്തൽമണ്ണയിലെത്തി വിദ്യാർഥികൾ അന്വേഷിച്ചപ്പോൾ ഇയാളുടെ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. തുടർന്ന്, പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മലപ്പുറത്തുവെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ചതിനും വഞ്ചന നടത്തിയതിനും 2016-ൽ ചെർപ്പുളശ്ശേരി പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്.
പെരിന്തൽമണ്ണ എസ്.എച്ച്.ഒ സി. അലവി, എസ്.ഐ യാസിർ, എസ്.സി.പി.ഒമാരായ അബ്ദുൽ സലാം നെല്ലായ, ഉല്ലാസ്, സക്കീർ പാറക്കടവൻ, സി.പി.ഒമാരായ ഷജീർ, സത്താർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.