/sathyam/media/post_attachments/zdJoQTnNo1vypQELXLkE.jpg)
മലപ്പുറം: കേരളത്തിൽ സംവരണ സമുദായങ്ങൾക്ക് ലഭ്യമായ സംവരണ നേട്ടങ്ങളെക്കുറിച്ച ഓഡിറ്റിംഗ് നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംവരണത്തിലൂടെ ന്യായമായി ലഭിക്കേണ്ടത് പോലും നേടിയിട്ടില്ലെന്ന് അപ്പോഴേ വ്യക്തമാകൂ. സംസ്ഥാനത്ത് ജാതി തിരിച്ച സെൻസസും നടത്താനും സംസ്ഥാന സർക്കാർ തയ്യാറാകണം. തിരൂർ കൂട്ടായിയിൽ നടന്ന വെൽഫെയർ പാർട്ടി സംസ്ഥാന നേതൃപരിശീലന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം ഇല്ലാതാക്കാൻ സാമ്പത്തിക സംവരണ മെന്ന പേരിൽ സവർണ സംവരണം നടപ്പാക്കിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇരട്ടത്താപ്പ് എല്ലാവരും തിരിച്ചറിയേണ്ടതാണ്. ദലിത് ആദിവാസി പിന്നോക്ക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് സംഘപരിവാർ രാഷ്ട്ര നിർമ്മിതിക്ക് ശ്രമം നടത്തുന്ന മോദി സർക്കാറിനെതിരെ ഈ സമൂഹങ്ങളുടെ വിശാല ഐക്യനിര ഉയർന്നു വരേണ്ടതുണ്ട്. ആ രാഷ്ട്രീയ പ്രക്രിയ രൂപപ്പെടുത്തുക എന്നതാണ് വെൽഫെയർ പാർട്ടിയുടെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മൂന്നാം സമ്മേളന സുവനീർ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അബ്ദുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരിപ്പുഴ, എസ്. ഇർഷാദ്, ജബീന ഇർഷാദ്, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, വൈസ് പ്രസിഡണ്ടുമാരായ കെ എ ഷഫീഖ് സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, പ്രേമ പിഷാരടി, അൻസാർ അബൂബക്കർ, ടി.എ ഫായിസ്, ജോസഫ് ജോൺ, മിർസാദ് റഹ്മാൻ, ഷംസീർ ഇബ്രാഹിം മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ് എന്നിവർ സമാപനദിവസം നേതൃ സംഗമത്തെ അഭിസംബോധന ചെയ്തു.