/sathyam/media/post_attachments/W51IrlP62Cy9fEgpDgKp.jpg)
പൊന്നാനി: ഉന്നതമായ ഒരാദര്‍ശത്തെ ഹൃദയത്തിലേറ്റിയ പ്രവാചക ശ്രേഷ്ടൻ ഇബ്രാഹിം നബിയും സ്വയം സന്നദ്ധതയുടെ മാതൃകാ പുത്രനായി മാറിയ മകൻ ഇസ്മായീല്‍ നബിയും ത്യാഗ മനസ്ഥിതിയുടെ സ്ത്രീരൂപമായി തിളങ്ങിയ ഹാജറയും കാഴ്ചവെച്ച ആദർശ പ്രതിബദ്ധതയാണ് ഹജ്ജിൽ നിന്നും ബലിപെരുന്നാളിൽ നിന്നും ലോകത്തിന് ലഭിക്കാറുന്ന മാതൃകയും പാഠവുമെന്ന് മുസ്ലിം നേതാവും സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗവുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു. വ്യാഴാഴ്ച ആചരിക്കുന്ന ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് കേരള ജനതയെ അഭിസംബോധനം ചെയ്തുകൊണ്ട് ഇറക്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങിനെ വിവരിച്ചത്.
"മുൻഗാമികളായ മാതൃകാ പുരുഷാരം നടന്നു നീങ്ങിയത് ഒരൊറ്റ കേന്ദ്രത്തിലേയ്ക്കായിരുന്നു അഥവാ ഏകദൈവ സന്ദേശം ഉയർത്തിപ്പിടിക്കുക എന്ന കാര്യം. അതിലൂടെ പൈശാചികതയ്ക്ക് മേൽ സൃഷ്ടാവിന്റെ മാർഗം വിജയിപ്പിക്കാൻ അവർക്കായി. ഹജ്ജും ബലിപെരുന്നാളും മനുഷ്യ സമൂഹങ്ങൾക്ക് വഴികാട്ടിയാവുന്നത് ജീവിതം കൊണ്ട് തെളിയിക്കുന്ന സത്യസാക്ഷ്യത്തിലേക്കാണ്. അര്‍പ്പണ ബോധത്തിന്‍റെയും ത്യാഗസന്നദ്ധതയുടെയും വിജയാരവങ്ങളാണ് പെരുന്നാൾ. നന്മയും കരുതലും സ്നേഹവും പരസ്പര ബഹുമാനവും കൊണ്ട് സമ്പന്നമാകട്ടെ നമ്മുടെ ഓരോ ആഘോഷങ്ങളും. " ഖാസിം കോയ ഈദ് സന്ദേശത്തിൽ തുടർന്നു.
ഏകദൈവ ആദർശത്തിന്റെ വഴിയിൽ ത്യാഗ സമ്പന്നരായ ഒരു പിതാവിന്റെയും പുത്രന്റെയും അവിസ്മരണീയ സ്മരണകളിരമ്പുന്ന ചരിത്രപ്രധാന ദിനമാണ് ബലിപെരുന്നാളിന്റെ പശ്ചാത്തലത്തിൽ ആദര്‍ശ മഹിമയും വിശ്വാസദാർഢ്യതയും കൈമുതലാക്കി ഇക്കാലത്തും നന്മയുടെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ആൾക്കാർക്ക് വിജയം കൈവരിക്കാനാകട്ടെയെന്ന് ഖാസിം കോയ സന്ദേശത്തിൽ ആശംസിച്ചു.