മലപ്പുറം: പത്തനംതിട്ടയിലെ നരബലി മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായി കണ്ട് കർശന നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മനുഷ്യജീവൻ അപഹരിക്കുന്ന ഏത് ആചാരവും കൊടിയ ക്രിമിനൽ പ്രവർത്തനം മാത്രമാണ്. അതിനു മതത്തിന്റെയോ വിശ്വാസത്തിന്റെയോ മുഖം നൽകുന്നത് കുറ്റത്തെ സാമാന്യവത്കരിക്കലാകുമെന്നും എസ് വൈ എസ് പുറത്തിറക്കിയ പ്രസ്താവന വിവരിച്ചു.
ആളെക്കൊല്ലുന്നതിന് മതത്തെ കൂട്ടുപിടിക്കുക വഴി രക്ഷപ്പെടാനുള്ള പഴുതന്വേഷിക്കുകയാണ് പ്രതികൾ എന്ന് കരുതേണ്ടിയിരിക്കുന്നു. അവർക്ക് സഹായകമാകുന്ന വിധത്തിൽ വാർത്തകൾ പടച്ചുവിടുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം. മനുഷ്യരെ ബലി കൊടുത്തുകൊണ്ട് ഐശ്വര്യം നേടാമെന്ന് കരുതുന്ന വിഭ്രാന്തമായ മനോനിലയിൽ ജീവിക്കുന്നവർ കേരളത്തിൽ ഉണ്ടെന്നത് നടുക്കമുണ്ടാക്കുന്ന യാഥാർഥ്യമാണ്.
അനാചാരങ്ങളെ ആചാരങ്ങളായും ക്രിമിനലിസത്തെ മതഭ്രാന്തായും കാണുന്ന മനോഭാവത്തിൽ നിന്ന് പുരോഗമനപ്രസ്ഥാനങ്ങളും മാധ്യമങ്ങളും മാറിച്ചിന്തിക്കണം. ജനവാസമുള്ള ഒരു പ്രദേശത്ത് അതിക്രൂരമായ രണ്ടു കൊലപാതകങ്ങൾ നടത്തിയിട്ടും ആർക്കും സംശയത്തിനിട നൽകാതെ ഇലന്തൂരിലെ ക്രിമിനലുകൾക്ക് സമൂഹത്തിൽ സ്വച്ഛന്ദമായി വിഹരിക്കാൻ കഴിഞ്ഞുവെന്നത് കേരളത്തിന്റെ സാമൂഹികതയെ കുറിച്ചുള്ള പുനരാലോചനകൾക്ക് വഴിതുറക്കേണ്ടതാണ്.
നിയമം കൊണ്ടുമാത്രം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനാകില്ല. അടിത്തട്ടിൽ കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങൾ രൂപപ്പെടേണ്ടതുണ്ട്. മനുഷ്യജീവന് വിലകല്പിക്കാതെയുള്ള ഏത് അതിക്രമവും നിസ്സംശയം തള്ളിക്കളയുകയെന്നത് അതിന്റെ മുന്നുപാധിയാണ്.
രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ സ്വതന്ത്രചിന്തയുടെയോ പേരിലായാലും മനുഷ്യക്കുരുതി ന്യായീകരണമർഹിക്കുന്നില്ല. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സാമൂഹികജാഗ്രത ശക്തിപ്പെടേണ്ടതുണ്ട്. അതിനുവേണ്ടി രാഷ്ട്രീയഭേദങ്ങൾ മാറ്റിവെച്ച് ഒരേ മനസോടെ മലയാളികൾ ഉണർന്നുപ്രവർത്തിക്കണമെന്നും സംസ്ഥാന കമ്മിറ്റി ഓർമ്മപ്പെടുത്തി.