/sathyam/media/post_attachments/MpuZxmFNqqiqtIbi5MoS.jpg)
മക്ക: പ്രശസ്ത സൗത്ത് ഇന്ത്യൻ മോട്ടിവേഷണൽ സ്പീക്കറും അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ "ശബരിമല ജയകാന്തൻ" വിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിലെത്തി. ഫാത്തിമ എന്ന പേര് സ്വീകരിച്ചാണ് ശബരിമല മക്കയിലെത്തിയത്.
/sathyam/media/post_attachments/ptDnGCe0j6hACDF4Aev1.jpg)
മുഹമ്മദ് നബിയോടുള്ള ആദരവും സ്നേഹവുമാണ് അദ്ദേഹത്തിന്റെ പ്രിയപുത്രിയുടെ പേര് സ്വീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഫാത്തിമ്മ ശബരിമല മക്കയിൽ പറഞ്ഞു. മധുര സ്വദേശിയാണ് നാല്പതുകാരിയായ ശബരിമല ജയകാന്തൻ. അളഗർ സ്വാമി - കലൈയരസി ദമ്പതികളുടെ മകളാണ് ശബരിമല. ഭർത്താവ്: ജയകാന്തൻ. മകൻ: ജയചോളൻ.
ഉംറ നിർവഹിച്ച ശേഷം കഅബാ മന്ദിരത്തിൽ ചാർത്തുന്ന പുടവ നിർമിക്കുന്ന ഫാക്ടറി സന്ദർശിക്കുകയും ചെയ്ത ശബരിമല ഫാത്തിമ അതിൽ സ്വർണനൂൽ ഉപയോഗിച്ച് അക്ഷരം തുന്നിച്ചേർക്കുകയും ചെയ്തു നിർവൃതി നേടി. ഹറം പ്രദേശത്ത് നിന്ന് പതിനേഴ് കിലോമീറ്റർ പടിഞ്ഞാറ് ഉമ്മുൽ ജൗദ എന്ന ഏരിയയിലാണ് പരിശുദ്ധ കഅബയിൽ ചാർത്തുന്ന പുടവ നിർമിക്കുന്ന ഫാക്ടറി.
അവിടം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഫാത്തിമ്മയ്ക്ക് അധികൃതർ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയായിരുന്നു. ഇസ്‌ലാമിനും മുസ്ലിംകൾക്കും നേരെ നടക്കുന്ന വിദ്വേഷ പ്രചാരങ്ങളാണ് തന്നെ ഇസ്‌ലാമിൽ എത്തിച്ചതെന്ന് ഫാത്തിമ്മ ശബരിമല മക്കയിൽ വെച്ച് പറഞ്ഞു. "ഈ രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ ഇത്രയധികം വിദ്വേഷം എന്തിനാണ് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.
കാര്യം മനസ്സിലാക്കാൻ, ഞാൻ ഒരു നിഷ്പക്ഷ വ്യക്തിയായി ഖുർആൻ വായിക്കാൻ തുടങ്ങി, അപ്പോൾ എനിക്ക് സത്യം അറിയാനായി. ഇപ്പോൾ ഞാൻ എന്നെക്കാൾ ഇസ്ലാമിനെ സ്നേഹിക്കുന്നു" - അവർ വിവരിച്ചു. ചുറ്റുമുള്ള എല്ലാവർക്കും ഖുർആൻ പരിചയപ്പെടുത്താൻ അവൾ മുസ്ലീങ്ങളോട് അഭ്യർത്ഥിച്ചു. അവൾ പറഞ്ഞു, "നിങ്ങളുടെ വീടുകളിൽ അത്ഭുതകരമായ പുസ്തകം ഒളിഞ്ഞിരിക്കുന്നുണ്ട്. ലോകം തീർച്ചയായും ഇത് വായിക്കണം".
രണ്ടായിരത്തിലേറെ വേദികളിൽ മോട്ടിവേഷണൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. അധ്യാപികയായിരുന്ന ഇവർ സാമൂഹ്യ സേവനം മുൻ നിർത്തി ജോലി ഉപേക്ഷിക്കുകയും സ്ത്രീ വിഷയങ്ങൾ മുൻ നിർത്തി ശബരിമല വുമൺസ് ലിബറേഷൻ പാർട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിന്റെ ഏകീകരണം എന്നിവ ലക്ഷ്യമാക്കി ശബരിമല 2017 ൽ "വിഷൻ 2040" എന്ന വേദിയും രൂപവൽകരിച്ചിരുന്നു
ഇസ്‌ലാം വിരുദ്ധ വിദ്വേഷ പ്രചാരണം അരങ്ങു തകർക്കുന്ന ആനുകാലിക ഇന്ത്യയിൽ നിന്ന് പ്രശസ്തരായ സ്ത്രീകൾ ഇസ്‌ലാമിലേക്ക് ആകൃഷ്ടരാവുന്നതിൽ സൗദി പൗരന്മാർ ആശ്ചര്യവും ആഹ്ളാദവും രേഖപ്പെടുത്തി. അതോടൊപ്പം, ഫാത്തിമയുടെ മക്കാ യാത്രയോടുള്ള പ്രതികരണങ്ങൾ നിറയുകയാണ് സോഷ്യൽ മീഡിയകളിൽ.
ഏതാനും സോഷ്യൽ മീഡിയ പ്രതികരണങ്ങൾ:
പുണ്യനബിയുടെ പുന്നാര പൂമോളുടെ പേരു സ്വീകരിച്ച് മുത്ത് നബിയുടെ ജന്മനാട്ടിൽ ചെന്ന് കഅബ കൺ നിറയെ കണ്ട്, ഇഹ്റാമിന്റെ വേഷത്തിൽ ഹൃദയം തുറന്ന്, ഷഹാദത്ത് ഉരവിട്ട്, കിസ് വയുടെ നെയ്ത്തൂപുരയിൽ സ്വർണ്ണ നൂലിഴകൾ തൊട്ട് നിർവൃതി പൂണ്ട പെണ്ണേ..... നീയാണ് നിർവചനങ്ങൾക്കപ്പുറത്തെ ഭാഗ്യവതി".
വെറുപ്പിന്റെ പ്രചാരകർക്ക് ഫാത്തിമയുടെ ജീവിതം മറുപടിയാണ്. ഇതേ മറുപടി ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്: :"അവർ തങ്ങളുടെ വായ് കൊണ്ട് ദൈവത്തിന്റെ പ്രകാശം കെടുത്തിക്കളയാൻ ആഗ്രഹിക്കുന്നു, അവിശ്വാസികൾ വെറുക്കുകയാണെങ്കിൽപ്പോലും ദൈവം അവന്റെ പ്രകാശം പൂർണ്ണമാക്കും" - ഖുർആൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us