മിഷ്കിന്റെ സംവിധാനത്തില്‍ ആന്‍ഡ്രിയ ജെറമിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിശാച് 2ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വിനായക ചതുര്‍ഥി ദിനമാണ് ഇത്. ഗോഥിക് ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 2014ല്‍ മിഷ്കിന്‍റെ തന്നെ സംവിധാനത്തിലെത്തിയ പിശാചിന്‍റെ സീക്വല്‍ ആണ് ചിത്രം.
റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ടി മുരുഗാനന്ദമാണ് നിര്‍മ്മാണം. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളില്‍ റിലീസ് ചെയ്യും. സൈക്കോയ്ക്കു ശേഷം എത്തുന്ന മിഷ്കിന്‍ ചിത്രമാണിത്. അതേസമയം ആറണ്‍മണൈ 3 ആണ് ആന്‍ഡ്രിയയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അനേല്‍ മേലെ പനിത്തുളി, വട്ടം, കാ, മാളിഗൈ എന്നിവയാണ് ആന്‍ഡ്രിയയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.
/sathyam/media/post_attachments/9BaUSRJ5giJ7P0TmBHnt.png)
ടൈറ്റില്‍ റോളില്‍ ആൻഡ്രിയ ജെറമിയ എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥിതാരമായി എത്തുന്നു. ഒരു ഡോക്ടറുടെ വേഷത്തിലാണ് സേതുപതി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈക്കോ ഫെയിം രാജ്‍കുമാര്‍ പിച്ചുമണി, പൂര്‍ണ്ണ, നമിത കൃഷ്‍ണമൂര്‍ത്തി, സന്തോഷ് പ്രതാപ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ സംഗീതം കാര്‍ത്തിക് രാജയാണ്. ഡിണ്ടിഗുളിലെ വനപ്രദേശത്തായിരുന്നു സിനിമയുടെ ചിത്രീകരണം.