ക്രെഡിറ്റ് കാർഡ് കുടിശിക രണ്ടു ലക്ഷം കോടി കടന്നെന്ന് റിപ്പോർട്ട്; ആശങ്ക വേണ്ടെന്ന് ബാങ്കുകൾ

New Update

publive-image

Advertisment

മുംബൈ: രാജ്യത്തെ ആകെ ക്രെഡിറ്റ് കാർഡ് കുടിശിക ചരിത്രത്തിൽ ആദ്യമായി രണ്ടു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി. ഒരു വർഷത്തെ വളർച്ച കണക്കാക്കുമ്പോൾ, ആകെ ബാങ്ക് വായ്പകളുടെ ഇരട്ടി വേഗത്തിലാണ് ക്രെഡിറ്റ് കാർഡ് കുടിശികയുടെ വർധന. റിസർവ് ബാങ്കിന്‍റെ കണക്കനുസരിച്ച്, ഏപ്രിലിൽ രാജ്യത്തെ ക്രെഡിറ്റ് കാർഡ് കുടിശിക 2,00,258 കോടി രൂപയാണ്. 2022 ഏപ്രിലിലേതിനെ അപേക്ഷിച്ച് 29.7 ശതമാനം കൂടുതൽ.

സെക്യൂരിറ്റിയില്ലാത്ത വായ്പ എന്ന നിലയിൽ ഇതിനെതിരേ മുൻകരുതൽ വേണമെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന നിലപാടിലാണ് ബാങ്കുകൾ. കടം കൂടുന്നു എന്നല്ല, ക്രെഡിറ്റ് കാർഡ് പേയ്മെന്‍റുകൾ കൂടുന്നു എന്ന രീതിയിലാണ് ബാങ്കുകൾ പൊതുവേ ഇതിനെ കാണുന്നത്. നാണ്യപ്പെരുപ്പത്തിലെ വർധനയും കുടിശികയിൽ പ്രതിഫലിക്കുന്നുണ്ട്.

ഉപയോക്താക്കൾ വിപണിയിൽ പണം ചെലവാക്കുന്നതിനനുസരിച്ച് ക്രെഡിറ്റ് കാർഡ് കുടിശിക വർധിക്കുന്നത് സ്വാഭാവികമാണെന്ന് അവർ വിലയിരുത്തുന്നു. 2023 ഏപ്രിലിൽ മാത്രം 1.3 ലക്ഷം കോടി രൂപയ്ക്കുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ രാജ്യത്തു നടന്നിട്ടുണ്ട്. കൺസ്യൂമർ കോൺഫിഡൻസ് എന്ന ഘടകത്തിൽ വരുന്ന വർധനയാണ് ഇതു കാണിക്കുന്നതെന്നും, ഇതു പോസിറ്റിവ് സൂചനയാണെന്നും ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മുൻ വർഷം വാങ്ങി‍യ അതേ സാധനങ്ങൾക്ക് നാണ്യപ്പെരുപ്പം കാരണം ഈ വർഷം കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നതും കുടിശിക വർധനയ്ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം, ആകെ ബാങ്ക് ക്രെഡിറ്റുകളുടെ വെറും 1.4 ശതമാനം മാത്രമാണ് ക്രെഡിറ്റ് കാർഡുകളുടെ വിഹിതം എന്നതും ബാങ്കുകളുടെ ആത്മവിശ്വാസത്തിനു കാരണമാണ്. ഭവന വായ്പകളുടേതു തന്നെയാണ് ഏറ്റവും കൂടിയ വിഹിതം - 14.1 ശതമാനം. രണ്ടാം സ്ഥാനത്ത് വാഹന വായ്പയും (3.7%). ക്രെഡിറ്റ് കാർഡ് കുടിശിക 1.4 ശതമാനവുമായി മൂന്നാം സ്ഥാനത്തു മാത്രമാണ്.

എന്നാൽ, 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു തൊട്ടു മുൻപ് ക്രെഡിറ്റ് കാർഡ് കുടിശിക 1.2 ശതമാനത്തിലെത്തിയിരുന്നതായി മറ്റൊരു വിഭാഗം സാമ്പത്തിക വിദഗ്ധർ ഓർമിപ്പിക്കുന്നു. തുടർന്നുള്ള സാമ്പത്തിക സുരക്ഷാ നടപടികളെത്തുടർന്ന് ഈ വിഹിതം പത്തു വർഷത്തോളം ഒരു ശതമാനത്തിൽ താഴെയായിരുന്നു. 2019 ഓഗസ്റ്റിലാണ് വീണ്ടും ഒരു ശതമാനം കടക്കുന്നത്. തുടർന്നിങ്ങോട്ട് ക്രമാനുഗതമായ വർധനയും രേഖപ്പെടുത്തുന്നു.

Advertisment