അവർ എന്ത് വിചാരിച്ചാലും ഞാൻ കാര്യമാക്കുന്നില്ല. വെറുക്കുന്നവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്: നിങ്ങൾ എന്നെ വെറുക്കുന്നുവെന്ന് എനിക്ക് 90 ശതമാനം ഉറപ്പുണ്ട്, ഞാൻ കാര്യമാക്കുന്നില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്’, പറയുന്നത് ബാന്ദ്രയിലെ ബാൻഡ്‌സ്റ്റാൻഡിന്റെ അവസാനത്തെ ചേരിയിൽ താമസിക്കുന്ന മലീഷ എന്ന പതിനഞ്ചുകാരിയാണ്.
ആഡംബര സൗന്ദര്യവർദ്ധക ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ മുഖമായി മാറിയ 15 വയസ്സുകാരി മലീഷ ഖർവ. അടുത്തിടെ ഒരു ഫാഷൻ മാഗസിന് നൽകിയ അഭിമുഖത്തിൽ ആത്മവിശ്വാസത്തോടെയുള്ള അവളുടെ വാക്കുകൾ പലർക്കും പ്രചോദനമാണ്.
വലുതാകുമ്പോൾ മോഡലും നർത്തകിയും ആകണമെന്ന് സ്വപ്നം കാണുന്ന ചേരിനിവാസികൾക്കെല്ലാം മലേഷ്യ പ്രചോദനമാണ്. അടുത്തിടെ ഒരു ഫാഷൻ മാസികയുടെ കവറിൽ മലീഷ ഇടംപിടിച്ചിരുന്നു. മുംബൈയിലെ ബാന്ദ്രയിലെ ഒരു ചേരിയിലാണ് മലീഷ താമസിക്കുന്നത്.
സ്‌കൂൾ യൂണിഫോമിൽ കോസ്‌മെറ്റിക് ബ്രാൻഡിന്റെ പ്ലഷ് ഔട്ട്‌ലെറ്റിലേക്ക് അത്ഭുതത്തോടെ പ്രവേശിക്കുന്ന കൗമാരക്കാരി മലീഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ്, പെൺകുട്ടി ആരാണെന്ന അന്വേഷണം ഊർജ്ജിതമായത്.
സാന്താക്രൂസ് വെസ്റ്റിലെ ബിഎംസിയുടെ കീഴിലുള്ള എംപിഎസ് ഗസ്ധർ പാർക്ക് സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മലീഷ ഒരു മോഡലാകാനുള്ള സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നു.
പ്രിയങ്ക ചോപ്ര ആയിരുന്നു അവളുടെ റോൾ മോഡൽ. ടെലിവിഷനിൽ ഒരു റാംപ് ഷോ കണ്ടതിന് ശേഷം അഞ്ച് വയസ്സ് മുതൽ ആണ് ഒരു മോഡലാകാൻ മലീഷ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ, ഇത്ര പെട്ടെന്ന് അവളുടെ സ്വപ്നം സാധ്യമാകുമെന്ന് അവൾ പോലും കരുതിയതല്ല.
മലീഷ സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും അതിൽ തന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്‌കൂൾ പഠനത്തിന് ശേഷം കോളേജിൽ കൊമേഴ്‌സ് പഠിക്കാനും മോഡലിംഗ് കരിയർ തുടരാനുമാണ് പെൺകുട്ടി ആഗ്രഹിക്കുന്നത്. വിവിധ ബ്രാൻഡുകൾ മലീഷയെ മോഡലാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കഴിഞ്ഞു. ഏകദേശം 35 ലക്ഷം രൂപ ഇതിനോടകം സമ്പാദിക്കാൻ മലീഷയ്ക്ക് സാധിച്ചിട്ടുണ്ട്. അച്ഛൻ മുകേഷ്, അമ്മാവൻ, ഇളയ സഹോദരൻ എന്നിവർക്കൊപ്പമാണ് അവൾ താമസിക്കുന്നത്.