ജോജോ തോമസ് എംപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനായി

New Update

publive-image

മുംബൈ: മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുനസംഘടനയില്‍ മലയാളിയായ ജോജോ തോമസിന് സ്ഥാനക്കയറ്റം. എംപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും എംപിസിസി ജനറല്‍ സെക്രട്ടറിയായാണ് ജോജോ തോമസ് നിയമതിനായത്.

Advertisment

എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയാണ് അദ്ദേഹത്തെ നിയമിച്ചത്. മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഇന്നലെ പ്രഖ്യാപിച്ച ലിസ്റ്റിലെ ഏക മലയാളിയും ഏക ക്യസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയുമാണ് ജോജോ തോമസ്.

എംപിസിസി സെക്രട്ടറിയായിരിക്കെ, കോവിഡ് ലോക്ക് ഡൗണിനു ശേഷം കേരളത്തിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള ആദ്യത്തെ ശ്രമിക് ട്രെയിന്റെ സൂത്രധാരനെന്ന നിലയില്‍ ജനശ്രദ്ധ പിടിച്ചു പറ്റി.

കോവിഡ് കാലത്ത് സ്വകാര്യ ആശുപത്രികളിലെ മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചപ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി.

കേരളത്തിലേക്കു റോഡ് മാര്‍ഗം യാത്ര തിരിച്ച ആയിരക്കണക്കിനു പേര്‍ക്ക് പാസ് അടക്കമുള്ള സഹായങ്ങള്‍ കിട്ടാന്‍ അഹോരാത്രം പരിശ്രമിച്ചു കേരളത്തിലെ പതിനാല് ജില്ലകളിലേക്കും മഹാരാഷ്ട്രയിൽ കുടുങ്ങിയ പതിനായിരങ്ങളെ നാട്ടിലേത്തിച്ചു.

മുംബൈയില്‍ ഒ എന്‍ ജീ സി ബാര്‍ജ് അപകടം ഉണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജോജോ തോമസായിരുന്നു. മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടാനും മറ്റും വേണ്ട നടപടികള്‍ സ്വീകരിച്ചതും ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് അപകടത്തില്‍ പെട്ടവരുടെ കുടുംമ്പങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മഹാരാഷ്ടാ നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളാ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. കൂടാതെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്നു എന്ന നിലയില്‍ അറിയപ്പെടുന്ന സി.എസ്.റ്റി റെയില്‍വേ സ്റ്റേഷനിലെ പടുകൂറ്റന്‍ ഓണപ്പൂക്കളത്തിനു പിന്നിലും ജോജോ തോമസിന്റെ മലയാളിത്തം തന്നെയാണ്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ആയ ജോജോതോമസ് സ്‌കൂളില്‍ പഠനകാലം മുതല്‍ കെ.എസ്.യു വിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. സ്‌കൂള്‍ യൂണിറ്റ് സെക്രട്ടറി, താലൂക്ക് വൈസ് പ്രസിഡന്റ്റ്, പയ്യന്നൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഇരുപത്തിമൂന്നാംമത്തെ വയസില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ വാര്‍ഡു കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദക്ഷിണ മുംബൈ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, മഹാരാഷ്ട്രാ പ്രദേശ്‌കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

2011 മുതല്‍ 'അമ്മ' (ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍ )എന്ന സംഘടനയുടെ സാരഥിയായി മുംബൈ മലയാളി സാമൂഹിക സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമായ ജോജോതോമസ് മുംബൈ മലയാളം മിഷന്‍, കേരളസംഗീതനാടകഅക്കാദമി പശ്ചിമ മേഖലാ കമ്മിറ്റി എന്നിവകളിലും അംഗമാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി മഹാരാഷ്ട്രയിലെ മലയാളികളെ ഗൗരവത്തില്‍ കാണുന്നു എന്നതിന്റെ തെളിവാണ് ഈ അംഗികാരമെന്നും, എഐസി ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ ,മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ എച്ച് കെ പാട്ടില്‍, മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനാ പട്ടോളെ, മുന്‍ അധ്യക്ഷനും സംസ്ഥാന റവന്യൂ മന്ത്രിയുമായ ബാലാ സാഹിബ് തോറാട്ട്, മുന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ എന്നിവരോട് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പ്രത്യകം നന്ദി പറയുന്നതായും നിയുക്ത എംപിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

jojo thomas
Advertisment